27 കോടിയ്ക്ക് ഗോയങ്ക വാങ്ങിയത് ആനമുട്ട, പൊറുതി മുട്ടി ലഖ്‌നൗ
ഐപിഎല്‍ 18ാം സീസണിലെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ (എല്‍.എസ്.ജി) ആദ്യ മത്സരത്തില്‍ ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെ പ്രകടനം ആരാധകര്‍ക്ക് നിരാശ നല്‍കുന്നതായിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ആറ് പന്തുകള്‍ നേരിട്ട പന്തിന് ഒരു റണ്‍സ് പോലും നേടാനായില്ല.
കുല്‍ദീപ് യാദവിന്റെ പന്തില്‍ പുറത്തായ പന്തിന്റെ പ്രകടനം ടീമിന്റെ ഉടമയായ സഞ്ജീവ് ഗോയങ്കയെയും നിരാശപ്പെടുത്തി. നേരത്തെ ടീം ക്യാപ്റ്റനായിരുന്ന കെ.എല്‍. രാഹുലിനെ പരസ്യമായി വിമര്‍ശിച്ച ഗോയങ്ക, 27 കോടി രൂപ നല്‍കി റിഷഭ് പന്തിനെ ടീമിലെത്തിച്ച് ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയതില്‍ വലിയ പ്രതീക്ഷയിലായിരുന്നു.
ലഖ്നൗവിന്റെ മികച്ച സ്‌കോര്‍
എന്നാല്‍, ബാറ്റിംഗില്‍ മറ്റ് താരങ്ങള്‍ തിളങ്ങിയതോടെ ലഖ്നൗ മികച്ച സ്‌കോര്‍ നേടി. 20 ഓവറില്‍ 208 റണ്‍സാണ് അവര്‍ അടിച്ചെടുത്തത്. വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പൂരനും ഓസ്ട്രേലിയന്‍ താരം മിച്ചല്‍ മാര്‍ഷും അര്‍ദ്ധ സെഞ്ച്വറി നേടി. 30 പന്തുകളില്‍ ഏഴ് സിക്‌സറുകളും ആറ് ഫോറുകളും സഹിതം 70 റണ്‍സാണ് പൂരന്റെ സംഭാവന. 36 പന്തില്‍ 72 റണ്‍സെടുത്ത മാര്‍ഷും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നേടി.
റിഷഭ് പന്തിന്റെ മോശം പ്രകടനം ഒഴിച്ചു നിര്‍ത്തിയാല്‍, ബാറ്റിംഗില്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കാന്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് കഴിഞ്ഞു.