ഇങ്ങിനെയൊക്കെ അവസരങ്ങൾ തുലക്കാമോ, ലുക്കാക്കുവിന് നന്ദി പറഞ്ഞ് മാഞ്ചസ്റ്റർ സിറ്റി ആരാധകർ
ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റോഡ്രി നേടിയ ഒരേയൊരു ഗോളിൽ വിജയം നേടിയതിനു ശേഷം മാഞ്ചസ്റ്റർ സിറ്റി ആരാധകർ നന്ദി പറയുന്നത് സ്‌പാനിഷ് താരത്തോട് മാത്രമല്ല. ഇന്റർ മിലൻറെ സ്‌ട്രൈക്കറായ റൊമേലു ലുക്കാക്കുവിനോടും അവർ നന്ദി അറിയിക്കുന്നുണ്ട്. ഒരു ഗോളിന്റെ ലീഡ് മാത്രമുണ്ടായിരുന്ന മാഞ്ചസ്റ്റർ സിറ്റിക്കെതിരെ രണ്ടു ഗോളുകൾ നേടാൻ ഇന്റർ മിലാനു ലഭിച്ച അവസരമാണ് ബെൽജിയൻ താരം ഇല്ലാതാക്കിയത്.
മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി മുന്നിലെത്തിയതിനു പിന്നാലെയാണ് ഇന്റർ മിലാനു മികച്ചൊരു അവസരം ലഭിച്ചത്. ഒരു ഷോട്ട് പോസ്റ്റിലടിച്ചു തിരിച്ചു വന്നത് ഇന്റർ മിലാൻ താരം ഡിമാർക്കോ ഹെഡ് ചെയ്‌തു ഗോളാക്കാൻ ശ്രമിച്ചു. എന്നാൽ താരത്തിന്റെ മുന്നിൽ നിന്നിരുന്ന ലുക്കാക്കുവിന്റെ ദേഹത്തു തട്ടി അത് തിരിച്ചു വന്നു. ലുക്കാക്കുവിന് ഒഴിഞ്ഞു മാറാനുള്ള സമയം പോലും ലഭിച്ചില്ലെങ്കിലും താരമാണ് മാഞ്ചസ്റ്റർ സിറ്റിയെ രക്ഷിച്ചത്.
https://twitter.com/AneleZo30102863/status/1667653101271101442
അതിനു ശേഷം ബെൽജിയൻ താരം ഒരു സുവർണാവസരം വീണ്ടും തുലക്കുകയുണ്ടായി. എൺപത്തിയെട്ടാം മിനുട്ടിലായിരുന്നു അത്. ഇന്റർ മിലാൻ താരം നൽകിയ ക്രോസ് ക്ലോസ് റേഞ്ചിൽ നിന്നും വലയിലെത്തിക്കാൻ ലുക്കാക്കുവിന് കഴിയുമായിരുന്നു. താരം ഹെഡർ ഉതിർത്തുവെങ്കിലും അത് പോസ്റ്റിന്റെ ഒഴിഞ്ഞ ഭാഗത്തേക്ക് അടിക്കുന്നതിനു പകരം എഡേഴ്‌സണു നേരെയാണ് പോയത്. ബ്രസീലിയൻ താരം അത് രക്ഷപ്പെടുത്തുകയും ചെയ്തു.
https://twitter.com/HenryNanthony/status/1667798171135737857
മത്സരത്തിൽ സീക്കോക്ക് പരിക്ക് പറ്റിയതിനാൽ പകരക്കാരനായാണ് ലുക്കാക്കു കളത്തിലിറങ്ങിയത്. ഇതിനു മുൻപും നിരവധി മത്സരങ്ങളിൽ അവസരങ്ങൾ തുലച്ചതിന്റെ പേരിൽ ലുക്കാക്കു വിമർശനങ്ങൾ ഏറ്റു വാങ്ങിയിട്ടുണ്ട്. ലോകകപ്പിലെ മത്സരം അതിനൊരു ഉദാഹരണമാണ്. എന്തായാലും മാഞ്ചസ്റ്റർ സിറ്റി ആരാധകർ ബെൽജിയൻ താരത്തോട് നന്ദി പറയുകയാണ് മത്സരത്തിനു ശേഷം.