For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

തോറ്റെങ്കിലും ഇംഗ്ലണ്ടിന് അഭിമാനിക്കാൻ ഫൈനലിൽ ഒരു റെക്കോർഡ് നേട്ടമുണ്ട്

05:47 PM Jul 12, 2021 IST | admin
Updated At - 05:47 PM Jul 12, 2021 IST
തോറ്റെങ്കിലും ഇംഗ്ലണ്ടിന് അഭിമാനിക്കാൻ ഫൈനലിൽ ഒരു റെക്കോർഡ് നേട്ടമുണ്ട്

യൂറോ ഫൈനലിൽ തിങ്ങിനിറഞ്ഞ വെംബ്ലിയെ കണ്ണീരിലാഴ്ത്തി പരാജയപ്പെട്ടെങ്കിലും ഇംഗ്ലണ്ടിന് അഭിമാനിക്കാൻ രണ്ടാമത്തെ മിനിറ്റിൽ ലൂക്ക് ഷാ നേടിയ ഗോൾ മാത്രം മതി. മത്സരം തുടങ്ങി ക്ളോക്കിൽ വെറും ഒരു മിനിറ്റും 57സെക്കൻഡും ആയപ്പോഴാണ് ഷായുടെ ഇടിവെട്ട് ഗോൾ പിറന്നത്. യൂറോ ഫൈനലുകളിലെ ഏറ്റവും വേഗതയാർന്ന ഗോളാണിത്.

Advertisement

രണ്ടാമത്തെ മിനിറ്റിൽ ഇറ്റാലിയൻ കോർണറിൽ നിന്നും വീണുകിട്ടിയ പന്തുമായി മുന്നേറിയ ഹാരി കെയ്ന്‍ വലത് വിങ്‌ബാക്ക് കീറണ്‍ ട്രിപ്പിയറിന് പന്ത് നൽകി. പന്തുമായി ഇറ്റാലിയൻ ബോക്സിന്റെ പരിസരത്തെത്തിയ ട്രിപ്പിയറിന്റെ വിങ്ടു വിങ് ക്രോസ് മാർക്ക് ചെയ്യപ്പെടാതെ നിന്ന ഇടതു വിങ് ബാക്ക് ലുക്ക് ഷായുടെ കാലുകളിലേക്ക്. ഹാഫ് വോളിയിൽ പന്ത് സ്റ്റോപ്പ് ചെയ്യാൻ പോലും ശ്രമിക്കാതെ ഷായുടെ ബുള്ളറ്റ് ഷോട്ട് നിമിഷാർദ്ധം കൊണ്ട് വലതുളച്ചപ്പോൾ പേരുകേട്ട ഇറ്റാലിയൻ പ്രതിരോധം കാഴ്ചക്കാരായി.

Advertisement

1964 യൂറോ ഫൈനലിൽ സ്‌പെയിനിന്റെ ചുസ് പെരേഡ നേടിയ ഗോളിന്റെ റെക്കോർഡാണ് 25 കാരനായ ലൂക്ക് ഷാ മറികടന്നത്. അന്ന് സോവിയറ് യൂണിയനെതിരായ ഫൈനലിൽ അഞ്ചുമിനിട്ടും 17 സെക്കൻഡും കഴിഞ്ഞപ്പോഴാണ് സ്‌പെയിൻ ഗോൾ നേടിയത്. എന്നാൽ ഇംഗ്ലണ്ടിൽ നിന്നും വ്യത്യസ്തമായി കളിയുടെ തുടക്കത്തിൽ ലഭിച്ച ആനുകൂല്യവും മുതലാക്കി അന്ന് സ്‌പെയിൻ മത്സരം 2-1ന് ജയിച്ചുകയറി.

Advertisement

രണ്ടാമത്തെ മിനിറ്റിൽ തന്നെ നേടിയ ഗോളിൽ കടിച്ചുതൂങ്ങാൻ ശ്രമിച്ച ഇംഗ്ലണ്ടിന് പിന്നീട് പിഴക്കുന്നതാണ് യൂറോ ഫൈനലിൽ കണ്ടത്. 67-ാം മിനിറ്റില്‍ വെംബ്ലിയെ നിശബ്ദമാക്കി ലിയോണാര്‍ഡൊ ബൊനൂച്ചി സമനില ഗോൾ നേടിയതോടെ മത്സരം അധികസമയത്തേക്ക് കടന്നു. അധികസമയത്തും ഇരുടീമുകളും സമനില പാലിച്ചതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്കും, ഒടുക്കം ഇംഗ്ലീഷ് ദുരന്തത്തിലും കലാശിച്ചത്.

1966 ലാണ് ഇംഗ്ലണ്ട് അവസാനമായി ഒരു പ്രധാന കിരീടം നേടിയത്. അന്ന് ലോകകപ്പ് ഉയർത്തിയ ഇംഗ്ലണ്ട് ടീമിന് അതിനുശേഷം ഇതുവരെ എടുത്തുപറയത്തക്ക നേട്ടങ്ങൾ ഒന്നും തന്നെയില്ല.

Advertisement