കോഹ്‌ലിയും, ബുമ്രയുമല്ല ഉന്നം; സസ്പെൻസ് പൊളിച്ച് ഓസീസ് സ്പിന്നർ
ഇന്ത്യൻ ടീമിൽ ജസ്പ്രീത് ബുംറയെയോ, വിരാട് കോഹ്‌ലിയെയോ മാത്രം ഉന്നമിട്ടുള്ള പദ്ധതികളല്ല ഓസീസ് ടീം മെനയുന്നതെന്ന് സ്പിന്നർ നഥാൻ ലിയോൺ. അഡ്‌ലെയ്ഡിൽ നടക്കാനിരിക്കുന്ന പിങ്ക് ബോൾ ടെസ്റ്റിന് മുന്നോടിയായി മാധ്യമങ്ങളെ കാണവെയാണ് ലിയോണിന്റെ അഭിപ്രായ പ്രകടനം. ഇന്ത്യൻ ടീമിലെ എല്ലാ താരങ്ങളും ഒരേ പോലെ മികച്ചവരാണെന്നും, അവരെല്ലാവരെയും ഒരുപോലെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലിയോണിന്റെ വാക്കുകൾ
"ഇന്ത്യൻ ടീമിനെ നോക്കുമ്പോൾ എനിക്ക് കാണാൻ കഴിയുന്നത് സൂപ്പർ താരങ്ങളുടെ ഒരു കൂട്ടമാണ്. എന്നാൽ ക്രിക്കറ്റ് ഒരു ടീം ഗെയിമാണ്, വിജയിക്കണമെങ്കിൽ ടീം മുഴുവൻ മികച്ച പ്രകടനം കാഴ്ചവെക്കണം. ബുംറയെ പോലുള്ള അസാധാരണ കളിക്കാർ ഇന്ത്യയിലുണ്ട്. പക്ഷേ, സൂപ്പർ താരങ്ങൾ മാത്രമല്ല, ടീം ഒന്നാകെ അപകടകാരികളാണ്."
"ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ്. ബുമ്രയും കോഹ്‌ലിയും കഴിഞ്ഞുള്ള ഇന്ത്യൻ ടീമും അവിശ്വസനീയമാം വിധം കഴിവുള്ളവരാണ്. ഞങ്ങൾ ഒരു കളിക്കാരനിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. വെള്ളിയാഴ്ച ഫീൽഡിൽ ഇറങ്ങുന്ന ഓരോ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെയും ഞങ്ങൾ ബഹുമാനിക്കുന്നു. അതിനർത്ഥം ഞങ്ങൾ മത്സരിക്കാൻ പോകുന്നില്ല എന്നല്ല. ഞങ്ങൾ അവരെ ബഹുമാനിക്കുന്നു, പക്ഷേ ഞങ്ങളുടെ സ്വതസിദ്ധമായ ക്രിക്കറ്റ് കളിക്കാനും, ശക്തമായി മത്സരിക്കാനും ഞങ്ങൾ ഒരുങ്ങുകയാണ്." ലിയോൺ കൂട്ടിച്ചേർത്തു.
Advertisement
അശ്വിനെയും ജഡേജയെയും ആദ്യ ടെസ്റ്റിൽ കളിപ്പിക്കാത്തതിനെ കുറിച്ച്
536 ടെസ്റ്റ് വിക്കറ്റുകൾ നേടിയ ഇന്ത്യയുടെ മുതിർന്ന ഓഫ് സ്പിന്നർ ആർ അശ്വിനെ പെർത്തിൽ ഇന്ത്യയുടെ പ്ലെയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഓൾ റൗണ്ടർ വാഷിംഗ്ടൺ സുന്ദറിനെയാണ് ഇന്ത്യ ഏക സ്പിൻ ഓപ്ഷനായി തിരഞ്ഞെടുത്തത്.
"അവർക്ക് 530 ഓളം വിക്കറ്റുകൾ പിഴുത അശ്വിനും, 300 വിക്കറ്റുകൾക്ക് മുകളിലുള്ള രവീന്ദ്ര ജഡേജയും ടീമിലുണ്ട്. അവർ ആരെ കളിപ്പിക്കുന്നു എന്നതിൽ എനിക്ക് നിയന്ത്രണമില്ല. അവർ ആരെ ഇറക്കിയാലും അത് ഒരു വലിയ വെല്ലുവിളി തന്നെയായിരിക്കും." ലിയോൺ പറഞ്ഞു.
ബോർഡർ-ഗാവസ്‌കർ ട്രോഫിക്ക് മുന്നോടിയായുള്ള പ്രമോഷണൽ ഇവന്റുകളിലും, പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ 295 റൺസിന് വിജയിച്ചതിന് ശേഷവും കോഹ്‌ലി, ബുംറ തുടങ്ങിയ ഇന്ത്യൻ താരങ്ങളിലായിരുന്നു മുഴുവൻ മാധ്യമങ്ങളും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.