രഞ്ജിയില്‍ തീതുപ്പി കേരള ബൗളര്‍മാര്‍, മധ്യപ്രദേശിനെ എറിഞ്ഞിട്ടു
രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന്റെ സമഗ്രാധിപത്യം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത കേരളം മധ്യപ്രദേശിന്റെ ഒന്നാം ഇന്നിംഗ്‌സ് 160 റണ്‍സിന് പുറത്താക്കി.
കേരളത്തിനായി എം ഡി നിധീഷ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിംഗ് തുടങ്ങിയ കേരളം ആദ്യ ദിനം വിക്കറ്റ് നഷ്ടമില്ലാതെ 54 റണ്‍സെടുത്തു. 25 റണ്‍സുമായി രോഹന്‍ കുന്നുമ്മലും 22 റണ്‍സോടെ അക്ഷയ് ചന്ദ്രനും ക്രീസിലുണ്ട്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മധ്യപ്രദേശിന് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. ഹര്‍ഷ് ഗാവ്‌ലി (7), രജത് പാട്ടിദാര്‍ (0), ഹിമാന്‍ഷു മന്ത്രി (15) എന്നിവരെ നിധീഷ് വേഗത്തില്‍ പുറത്താക്കി.
ഹര്‍പ്രീത് ഭാട്ടിയ (5), ആര്യന്‍ പാണ്ഡെ (0), സാരാന്‍ഷ് ജെയിന്‍ (8) എന്നിവരും പുറത്തായതോടെ മധ്യപ്രദേശ് പ്രതിസന്ധിയിലായി.
ശുഭം ശര്‍മ്മ (54) അര്‍ദ്ധ സെഞ്ച്വറി നേടി ടീമിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നിധീഷ് അദ്ദേഹത്തെയും പുറത്താക്കി. വെങ്കടേഷ് അയ്യര്‍ (42) പൊരുതിയെങ്കിലും മധ്യപ്രദേശിന് വലിയ സ്‌കോര്‍ നേടാനായില്ല.
കേരളത്തിനായി എം ഡി നിധീഷ് 44 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ആദിത്യ സര്‍വാതെ 30 റണ്‍സിനും ബേസില്‍ എന്‍ പി 41 റണ്‍സിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജലജ് സക്‌സേന ഒരു വിക്കറ്റുമെടുത്തു. എലൈറ്റ് ഗ്രൂപ്പ് സിയില്‍ അഞ്ച് കളികള്‍ പൂര്‍ത്തിയാക്കിയ കേരളം രണ്ട് ജയങ്ങളുമായി 18 പോയന്റോടെ രണ്ടാം സ്ഥാനത്താണ്. അഞ്ച് കളികളില്‍ 10 പോയന്റുള്ള മധ്യപ്രദേശ് ആറാം സ്ഥാനത്താണ്.