മാന്യതയുടെ സൗമ്യ മുഖം, ആ ബംഗ്ലാദേശ് സൂപ്പര്‍ താരം വിരമിച്ചു
ബംഗ്ലാദേശ് ക്രിക്കറ്റിലെ ഇതിഹാസ താരം മഹ്മൂദുള്ള അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ബുധനാഴ്ച തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് മഹ്മൂദുളള തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2025 ഫെബ്രുവരിക്ക് ശേഷമുള്ള സെന്‍ട്രല്‍ കോണ്‍ട്രാക്റ്റുകളില്‍ തന്നെ പരിഗണിക്കേണ്ടതില്ലെന്ന് മഹ്മൂദുള്ള ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനോട് അഭ്യര്‍ത്ഥിച്ചു.
വിരമിക്കല്‍ പ്രഖ്യാപനം
'അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ഞാന്‍ തീരുമാനിച്ചു. എന്റെ എല്ലാ ടീമംഗങ്ങള്‍ക്കും, പരിശീലകര്‍ക്കും, എന്നെ എപ്പോഴും പിന്തുണച്ച എന്റെ ആരാധകര്‍ക്കും ഞാന്‍ നന്ദി പറയുന്നു. എന്റെ മാതാപിതാക്കള്‍ക്കും, എന്റെ ഭാര്യാ വീട്ടുകാര്‍ക്കും, പ്രത്യേകിച്ച് എന്റെ ഭാര്യാപിതാവിനും, എന്റെ സഹോദരന്‍ ഇംദാദ് ഉള്ളാക്കും വലിയ നന്ദി. കുട്ടിക്കാലം മുതല്‍ എന്റെ പരിശീലകനും ഉപദേഷ്ടാവുമായി അദ്ദേഹം എനിക്കൊപ്പമുണ്ടായിരുന്നു' മഹ്മുദുളള പറഞ്ഞു.
'എന്റെ ഭാര്യക്കും കുട്ടികള്‍ക്കും ഒടുവില്‍ നന്ദി. കഷ്ടപ്പാടുകളിലും സന്തോഷങ്ങളിലും അവര്‍ എന്റെ പിന്തുണ സംവിധാനമായിരുന്നു. റായിദിന് എന്നെ ചുവപ്പും പച്ചയും ജേഴ്സിയില്‍ മിസ്സ് ചെയ്യുമെന്ന് എനിക്കറിയാം. എന്റെ ടീമിനും ബംഗ്ലാദേശ് ക്രിക്കറ്റിനും ആശംസകള്‍' മഹ്മുദുളള കൂട്ടിച്ചേര്‍ത്തു
വിമര്‍ശനങ്ങളും വിരമിക്കലും
ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം മഹ്മൂദുള്ളയുടെയും മുഷ്ഫിഖുര്‍ റഹിമിന്റെയും ദേശീയ ടീമിലെ സ്ഥാനം വിമര്‍ശനത്തിന് വിധേയമായിരുന്നു. പിന്നാലെ റഹിം അടുത്തിടെ ഏകദിനത്തില്‍ നിന്ന് വിരമിച്ചു, മഹ്മൂദുള്ളയും അതേ വഴി പിന്തുടര്‍ന്നു.
നേട്ടങ്ങള്‍
39 കാരനായ മഹ്മുദുളള ഏകദിന ലോകകപ്പില്‍ മൂന്ന് സെഞ്ച്വറികള്‍ നേടിയ ഏക ബംഗ്ലാദേശ് കളിക്കാരനാണ്, അതില്‍ രണ്ടെണ്ണം 2015 ലോകകപ്പിലും ഒന്ന് 2023 ലും നേടി. ബംഗ്ലാദേശിനായി 239 ഏകദിനങ്ങളിലും 50 ടെസ്റ്റുകളിലും 141 ടി20 മത്സരങ്ങളിലും മഹ്മുദുളള കളിച്ചിട്ടുണ്ട്.
മഹ്മൂദുള്ളയുടെ വിരമിക്കല്‍ ബംഗ്ലാദേശ് ക്രിക്കറ്റിന് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കരിയര്‍ യുവ തലമുറയ്ക്ക് പ്രചോദനമാണ്.