ബുംറക്കും ബോൾട്ടിനുമൊപ്പം പന്തെറിയാൻ ഇനിയൊരു മലപ്പുറം കാരനും; കേരളത്തിന്റെ അഭിമാനമായി കൗമാരതാരം
ഐപിഎൽ ലേലത്തിൽ മുംബൈ ഇന്ത്യൻസ് ടീമിൽ ഇടം നേടി മലപ്പുറം സ്വദേശി വിഗ്നേഷ് പുത്തൂർ. 30 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇതുവരെ കേരള സീനിയർ ടീമിൽ പോലും കളിച്ചിട്ടില്ലാത്ത ചൈനാമാൻ ബൗളറെ സ്വന്തമാക്കിയത്. കേരള സീനിയർ താരങ്ങളായ വിഷ്ണു വിനോദ്, സച്ചിൻ ബേബി എന്നീ രണ്ട് താരങ്ങൾ കൂടി ലേലത്തിൽ ടീമുകളെ കണ്ടെത്തിയെങ്കിലും ഇരുവരും ഇതിന് മുൻപും ഐപിഎലിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കേരളത്തിന്റെ സീനിയർ ടീമിൽ ഇതുവരെ കളിച്ചിട്ടില്ലാത്ത വിഗ്നേഷിനെ ഐപിഎൽ ലേലത്തിന് തൊട്ട് മുമ്പ് മുംബൈ ഇന്ത്യൻസ് ട്രയൽസിന് ക്ഷണിച്ചിരുന്നു. ട്രയൽസിലെ മികച്ച പ്രകടനമാണ് വിഗ്നേഷിന് ഐപിഎൽ കരാർ നേടിക്കൊടുത്തത്. കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന്റെ താരമായിരുന്നു ഈ 19-കാരൻ. ഐപിഎൽ ലേല പട്ടികയിൽ ഉണ്ടായിരുന്ന 12 കേരള താരങ്ങളിൽ ഒരാളായിരുന്നു വിഗ്നേഷ്.
ലേലത്തിൽ ഭേദപ്പെട്ട തുക നേടി വിഷ്ണു വിനോദും, സച്ചിൻ ബേബിയും ടീമുകളെ കണ്ടെത്തി. പഞ്ചാബ് കിംഗ്‌സ് 95 ലക്ഷത്തിന് വിഷ്ണു വിനോദിനെയും, സൺറൈസേഴ്‌സ് ഹൈദരാബാദ് 30 ലക്ഷത്തിന് സച്ചിൻ ബേബിയേയും സ്വന്തമാക്കി.
ലേലത്തിൽ ഏറ്റവും വിലയേറിയ ഫാസ്റ്റ് ബൗളർ അർഷ്ദീപ് സിംഗ് ആയിരുന്നു. പഞ്ചാബ് കിംഗ്‌സ് 18 കോടി രൂപയ്ക്ക് അർഷ്ദീപിനെ നിലനിർത്തി. ട്രെന്റ് ബോൾട്ട് (12.50 കോടി, മുംബൈ ഇന്ത്യൻസ്), ജോഷ് ഹെയ്‌സൽവുഡ് (12.50 കോടി, ആർസിബി), മിച്ചൽ സ്റ്റാർക്ക് (11.75 കോടി, ഡൽഹി ക്യാപിറ്റൽസ്) തുടങ്ങിയവരും ലേലത്തിൽ വൻ തുക നേടി.