ഗോള്‍വേട്ട നടത്തുന്ന 'ഒറ്റകൈയ്യന്‍' സ്പാനിഷ് ലാഡിനെ റാഞ്ചി, ഞെട്ടിച്ച് മലപ്പുറം എഫ്‌സി
സൂപ്പര്‍ ലീഗ് കിരീടം നേടാനുള്ള മലപ്പുറം എഫ് സിയുടെ ശ്രമങ്ങള്‍ക്ക് വന്‍ കുതിപ്പേകിക്കൊണ്ട് സ്പാനിഷ് സ്‌ട്രൈക്കര്‍ അലക്സ് സാഞ്ചസ് ടീമിലെത്തി. കഴിഞ്ഞ ഐ ലീഗിലെ ടോപ് സ്‌കോററും ഗോകുലം കേരള എഫ് സിയുടെ മുന്‍നിര താരവുമായ സാഞ്ചസിന്റെ വരവ് മലപ്പുറം എഫ്‌സി ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ വന്‍ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്.
ഐ ലീഗിലെ താരോദയം മലപ്പുറത്തേക്ക്
കഴിഞ്ഞ ഐ ലീഗ് സീസണില്‍ ഗോകുലം കേരള എഫ് സിയുടെ കുപ്പായത്തില്‍ അത്ഭഭുത പ്രകടനം കാഴ്ചവെച്ച അലക്സ് സാഞ്ചസ് 22 മത്സരങ്ങളില്‍ നിന്ന് 19 ഗോളുകള്‍ നേടി ടോപ് സ്‌കോററായി തിളങ്ങിയിരുന്നു. ഐലീഗില്‍ ഗോള്‍ഡന്‍ ബൂട്ടും മികച്ച പ്ലയര്‍ക്കുള്ള പുരസ്‌കാരവും സ്വന്തമാക്കിയ അദ്ദേഹം ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.
പ്രചോദനത്തിന്റെ പ്രതീകം
വലതു കൈപ്പത്തി ഇല്ലാതെ ജനിച്ച അലക്സ് സാഞ്ചസ് തന്റെ അംഗപരിമിതികളെ അതിജീവിച്ച് ഫുട്‌ബോള്‍ ലോകത്ത് ഉയരങ്ങളിലെത്തിയ വ്യക്തിയാണ്. സ്പാനിഷ് ലാ ലീഗയില്‍ കളിക്കുന്ന ആദ്യ ഹാന്‍ഡികാപ്ഡ് കളിക്കാരന്‍ എന്ന നേട്ടവും അദ്ദേഹത്തിനു സ്വന്തം. 34 കാരനായ ഈ സ്ട്രൈക്കര്‍ സ്‌പെയിനിലെ വിവിധ ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടുണ്ട്. സ്‌പെയിനിന്റെ മൂന്നാം നിരയില്‍ 127 മത്സരങ്ങളില്‍ നിന്ന് 42 ഗോളുകള്‍ നേടിയ അദ്ദേഹം കഴിഞ്ഞ സീസണില്‍ എസ്ഡി എജിയയ്ക്കായി 33 മത്സരങ്ങളില്‍ നിന്ന് 13 ഗോളുകള്‍ നേടി മികച്ച പ്രകടനം കാഴ്ചവച്ചു.
മലപ്പുറത്തിന്റെ സ്വപ്നങ്ങള്‍ക്ക് ചിറകേകാന്‍
സൂപ്പര്‍ ലീഗ് കേരളയില്‍ ഇതുവരെ നടന്നതില്‍ ഏറ്റവും മികച്ച സൈനിംഗുകളില്‍ ഒന്നായി അലക്സ് സാഞ്ചസിന്റെ വരവിനെ വിലയിരുത്താം. മലപ്പുറം എഫ് സിയുടെ ആക്രമണ നിരയ്ക്ക് കരുത്തേകുന്നതോടൊപ്പം ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും ഈ സ്പാനിഷ് താരത്തിന് കഴിയും. കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇനി മലപ്പുറം എഫ് സിയുടെ മത്സരങ്ങള്‍ കാണാന്‍ കൂടുതല്‍ കാരണങ്ങളുണ്ട്. അലക്സ് സാഞ്ചസിന്റെ മികവ് മലപ്പുറം എഫ് സിയെ കിരീടത്തിലേക്ക് നയിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.