സ്വപ്നം പോലെ, ഒറ്റ രാത്രി കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ നടുക്കി വിഘ്‌നേഷ്
ഇന്ത്യന്‍ താരം സഞ്ജു സാംസണിനു ശേഷം, മറ്റൊരു മലയാളി താരം ഐ.പി.എല്ലില്‍ ശ്രദ്ധേയമായ പ്രകടനവുമായി രംഗത്തെത്തിയ ചരിത്ര ദിനമാണിന്ന്. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ വിഘ്നേഷ് പുത്തൂര്‍ ആണ് ക്രിക്കറ്റ് ലോകത്ത് വരവറിയിച്ചിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സിനു വേണ്ടി അരങ്ങേറ്റ മത്സരത്തില്‍ തന്നെ വിഘ്‌നേഷ് മികച്ച ബൗളിംഗ് പ്രകടനം നടത്തി കയ്യടി നേടിയിരിക്കുകയാണ്.
ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ നടന്ന എല്‍ ക്ലാസിക്കോയില്‍ അരങ്ങേറ്റം കുറിച്ച വിഘ്നേഷ്, തന്റെ അവസരം ശരിക്കും മുതലാക്കി. സി.എസ്.കെയിലെ മൂന്ന് പ്രധാന വിക്കറ്റുകളാണ് മലയാളി താരം സ്വന്തമാക്കിയത്. റുതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നിവരുടെ വിക്കറ്റുകളാണ് വിഘ്നേഷ് വീഴ്ത്തിയത്. നാലോവറില്‍ 32 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ താരം നേടി.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എളുപ്പത്തില്‍ റണ്‍ ചേസ് ചെയ്ത് മുന്നേറുമ്പോഴാണ് എട്ടാം ഓവറില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, വിഘ്നേഷിനെ പന്തെറിയാന്‍ വിളിച്ചത്. ആദ്യം പ്ലെയിങ് ഇലവനില്‍ ഇല്ലാതിരുന്ന വിഘ്നേഷിനെ, മുംബൈ ഇംപാക്ട് പ്ലെയറായാണ് കളിപ്പിച്ചത്. തകര്‍പ്പന്‍ ഫിഫ്റ്റി നേടി സി.എസ്.കെയെ മുന്നില്‍ നിന്ന് നയിച്ച റുതുരാജ് ഗെയ്ക്വാദിനെ, വിഘ്നേഷ് തന്റെ ആദ്യ ഓവറിലെ അഞ്ചാമത്തെ പന്തില്‍ പുറത്താക്കി. വില്‍ ജാക്സ്, ലോങ് ഓഫില്‍ ബൗണ്ടറി ലൈനിനരികില്‍ വെച്ച് താരത്തെ പിടികൂടുകയായിരുന്നു.
ആദ്യ ഓവറില്‍ അഞ്ച് റണ്‍സ് മാത്രമാണ് വിഘ്നേഷ് വഴങ്ങിയത്. അടുത്ത ഓവറില്‍, അപകടകാരിയായ ശിവം ദുബെയെ (9) പുറത്താക്കി, വിഘ്നേഷ് ചെന്നൈയെ ഞെട്ടിച്ചു. ലോംഗ് ഓണില്‍ തിലക് വര്‍മയാണ് ദുബെയെ പിടികൂടിയത്. ആ ഓവറില്‍ വെറും നാല് റണ്‍സ് മാത്രമാണ് വിഘ്നേഷ് നല്‍കിയത്. മൂന്നാം ഓവറില്‍, ദീപക് ഹൂഡയെ (3) പുറത്താക്കി വിഘ്നേഷ് ചെന്നൈയ്ക്ക് വീണ്ടും പ്രഹരമേല്‍പ്പിച്ചു. ആ ഓവറില്‍ എട്ട് റണ്‍സാണ് വിഘ്നേഷ് വഴങ്ങിയത്.
കഴിഞ്ഞ കേരള ക്രിക്കറ്റ് ലീഗിലെ മികച്ച പ്രകടനമാണ് വിഘ്നേഷിന്റെ കരിയര്‍ മാറ്റിമറിച്ചത്. ആലപ്പി റിപ്പിള്‍സ് ടീമിന്റെ താരമായിരുന്നു വിഘ്നേഷ്. താരത്തിന്റെ പ്രകടനം ശ്രദ്ധയില്‍പ്പെട്ട മുംബൈ ഇന്ത്യന്‍സിന്റെ സ്‌കൗട്ടിംഗ് സംഘം, താരത്തിനെ ട്രയല്‍സിനായി ക്ഷണിക്കുകയായിരുന്നു. 30 ലക്ഷം രൂപയ്ക്കാണ് മെഗാ ലേലത്തില്‍ മുംബൈ വിഘ്നേശിനെ സ്വന്തമാക്കിയത്.
കേരള സീനിയര്‍ ടീമിനായി അരങ്ങേറുന്നതിനു മുമ്പ് തന്നെ ഐ.പി.എല്‍ പോലെയുള്ള വലിയ വേദിയില്‍ കളിക്കാന്‍ താരത്തിന് അവസരം ലഭിച്ചു. 24 കാരനായ വിഘ്നേഷ് തുടക്കത്തില്‍ മീഡിയം പേസറായിരുന്നു. പിന്നീട് അദ്ദേഹം സ്പിന്‍ ബൗളിംഗിലേക്ക് മാറുകയായിരുന്നു. മുഹമ്മദ് ഷെരീഫ് നല്‍കിയ ഉപദേശമാണ് വിഘ്നേഷിന്റെ കരിയര്‍ മാറ്റിമറിച്ചത്.