മിന്നും ഗോളുമായി റോഡ്രി രക്ഷകനായി, ചരിത്രം കുറിച്ച് മാഞ്ചസ്റ്റർ സിറ്റി
കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇറ്റാലിയൻ ക്ലബായ ഇന്റർ മിലൻറെ വെല്ലുവിളിയെ മറികടന്ന് കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി. ഗോൾരഹിതമായി മുന്നോട്ടു പോയ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിൽ മധ്യനിര താരം റോഡ്രി നേടിയ ഗോളിലൂടെയാണ് ക്ലബിന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്.
2021ൽ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ എത്തിയിരുന്നെങ്കിലും ചെൽസിയോട് ഫൈനലിൽ തോൽവി വഴങ്ങുകയായിരുന്നു മാഞ്ചസ്റ്റർ സിറ്റി. ആ ഫൈനലിൽ ഡിഫെൻസിവ് മിഡ്‌ഫീൽഡ് പൊസിഷനിൽ റോഡ്രിയെ ഇറക്കാതിരുന്ന പെപ് ഗ്വാർഡിയോളയുടെ തീരുമാനം ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. രണ്ടു വർഷത്തിനിപ്പുറം റോഡ്രി തന്നെ ടീമിന്റെ രക്ഷകനാവുന്നതാണ് കണ്ടത്.
Rodri’s stunning goal against Inter seen from the stands 🔥 pic.twitter.com/832HJKaMPn
— Fútbol (@El_Futbolesque) June 10, 2023
മത്സരത്തിന്റെ അറുപത്തിയെട്ടാം മിനുട്ടിലാണ് റോഡ്രിയുടെ ഗോൾ പിറന്നത്. ബെർണാർഡോ സിൽവ നൽകിയ പാസ് ബോക്‌സിന്റെ ലൈനിനടുത്തു നിന്നും മികച്ചൊരു ഷോട്ടിലൂടെ താരം വലയിലേക്ക് തൊടുത്തപ്പോൾ ഗോൾകീപ്പർക്ക് അനങ്ങാൻ പോലും അവസരമുണ്ടായില്ല. അതിനു ശേഷം ഇന്റർ മിലാൻ ആക്രമണം ശക്തമാക്കിയെങ്കിലും മാഞ്ചസ്റ്റർ സിറ്റി പിടിച്ചു നിന്ന് വിജയം സ്വന്തമാക്കുകയായിരുന്നു.
മത്സരത്തിൽ വിജയം നേടിയതോടെ ഈ സീസണിൽ ട്രെബിൾ കിരീടങ്ങളെന്ന നേട്ടവും മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. ആഴ്‌സനലിനെ മറികടന്ന് പ്രീമിയർ ലീഗും മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് എഫ്എ കപ്പും നേടിയതിനു ശേഷമാണ് സിറ്റി ചാമ്പ്യൻസ് ലീഗ് ഉയർത്തിയത്. ഈ സീസൺ ക്ലബ്ബിനെ സംബന്ധിച്ച് അവിസ്‌മരണീയമായ ഒന്നായിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.