ആ തീരുമാനം ഇന്ത്യന്‍ ടീമില്‍ പ്രശ്‌നങ്ങളുണ്ടാക്കും, തുറന്നടിച്ച് ഇന്ത്യന്‍ താരം
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ വാഷിംഗ്ടണ്‍ സുന്ദറിനെ ഉള്‍പ്പെടുത്തിയത് ഇന്ത്യന്‍ ടീമില്‍ ഭിന്നതയ്ക്ക് കാരണമായേക്കാമെന്ന് തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. മത്സരത്തില്‍ സുന്ദറിന്റെ സ്ഥാനത്ത് കുല്‍ദീപ് യാദവിനെ പരിഗണിക്കാമായിരുന്നുവെന്നും ഓള്‍റൗണ്ടര്‍ ആയ അക്‌സര്‍ പട്ടേല്‍ പുറത്തിരിക്കുമ്പോള്‍ സുന്ദറിനെ ടീമില്‍ എടുക്കേണ്ട ആവശ്യമില്ലായിരുന്നുവെന്നും തിവാരി ചൂണ്ടിക്കാട്ടുന്നു.
'ബെംഗളൂരുവിലെ ആദ്യ ടെസ്റ്റിലെ ടോസ് തീരുമാനമാണ് ഇന്ത്യയുടെ പതനത്തിന് തുടക്കമിട്ടതെന്ന് തിവാരി വിശ്വസിക്കുന്നു. മഴയെ തുടര്‍ന്ന് ഈര്‍പ്പം നിറഞ്ഞ പിച്ചില്‍ ടോസ് നേടിയ രോഹിത് ശര്‍മ ബാറ്റിംഗ് തിരഞ്ഞെടുത്തത് തിരിച്ചടിയായി' മനോജ് തിവാരി പറയുന്നു.
'രണ്ടാം ടെസ്റ്റില്‍ ആകാശ് ദീപിനെ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും രണ്ടാം ഇന്നിംഗ്‌സില്‍ അദ്ദേഹത്തിന് പന്തെറിയാന്‍ അവസരം ലഭിച്ചില്ല. ബുംമ്രയെക്കൊണ്ട് ബൗളിംഗ് ഓപ്പണ്‍ ചെയ്യിക്കാതിരുന്നതും തെറ്റായ തീരുമാനമായിരുന്നു' മനോജ് തിവരി വ്യക്തമാക്കി.
11 വര്‍ഷത്തിനു ശേഷം ഇന്ത്യ സ്വന്തം നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പര പരാജയപ്പെട്ടു എന്നത് ഞെട്ടിക്കുന്നതാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ സ്ഥാനവും ഇപ്പോള്‍ അപകടത്തിലാണ്. നവംബര്‍ 1 ന് ആരംഭിക്കുന്ന അവസാന ടെസ്റ്റില്‍ വിജയിച്ച് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഇന്ത്യന്‍ ടീം ശ്രമിക്കും.