പത്തൊൻപതാം വയസ്സിൽ ടോക്കിയോയിൽ അപമാനിക്കപ്പെട്ടു; ഇന്ന് പാരീസിൽ ചരിത്ര വനിതയായി മനു ഭാക്കർ
ജൂലൈ 28 ഞായറാഴ്ച പാരീസ് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടി മനു ഭാക്കർ ചരിത്രം കുറിച്ചു. ഫ്രഞ്ച് തലസ്ഥാനത്തെ ഷാറ്റൂറക്‌സ് ഷൂട്ടിംഗ് സെന്ററിൽ നടന്ന വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഫൈനലിൽ 22 കാരിയായ ഹരിയാന സ്വദേശി മൂന്നാം സ്ഥാനം നേടി. ഇന്ത്യക്കായി ഷൂട്ടിങ്ങിൽ ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ വനിതയാണ് മനു ഭാക്കർ.
ടോക്കിയോ ഒളിമ്പിക്സിലെ ഹൃദയം നുറുങ്ങുന്ന പരാജയങ്ങൾക്ക് മൂന്ന് വർഷത്തിന് ശേഷം, ഇന്ത്യയുടെ ഏറ്റവും പ്രശസ്തയും കഴിവുറ്റതുമായ ഷൂട്ടർമാരിൽ ഒരാളായ മനു ഭാക്കർ തന്റെ സ്വപ്നം സാക്ഷാത്കരിക്കുകയും രാജ്യത്തിന്റെ അഭിമാനം ഒളിമ്പിക് വേദിയിൽ വാനോളം ഉയർത്തുകയും ചെയ്തു. 2020-ലെ ടോക്കിയോ ഒളിമ്പിക്‌സിന്റെ യോഗ്യതാ റൗണ്ടിൽ പിസ്റ്റളിൽ സാങ്കേതിക തകരാർ നേരിട്ട മനു, കണ്ണീരണിഞ്ഞിറങ്ങേണ്ടി വന്നതിന്റെ ഓർമ്മകളും ഈ നേട്ടത്തോടൊപ്പമുണ്ട്. അന്ന് മനു ഉപയോഗിച്ച പിസ്റ്റളിലെ ലിവർ വളയുകയും, ബാരലിന്റെ സുഗമമായ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്തതോടെ, മത്സരത്തിൽ നിർണായകമായ ആറ് മിനിറ്റുകൾ നഷ്ടപ്പെടുകയായിരുന്നു. ഇതോടെ മത്സരത്തിൽ നിന്നും അയോഗ്യയായ മനു കണ്ണീരോടെയാണ് കളം വിട്ടത്.
പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ അക്കൗണ്ട് തുറന്നത് മനു ഭാക്കറാണ്. അഭിനവ് ബിന്ദ്ര, രാജ്യവർദ്ധൻ സിംഗ് റാത്തോർ, വിജയ് കുമാർ, ഗഗൻ നാരംഗ് എന്നിവർക്ക് ശേഷം ഷൂട്ടിംഗിൽ ഒളിമ്പിക് മെഡൽ നേടുന്ന അഞ്ചാമത്തെ മാത്രം താരമായി മനു മാറി.
ഇന്ത്യയുടെ മെഡൽ ജേതാക്കൾ - ഷൂട്ടിംഗ്
2004 ഏതൻസ് - രജ്യവർധൻ സിംഗ് റാത്തോർ (വെള്ളി)
2008 ബെയ്ജിംഗ് - അഭിനവ് ബിന്ദ്ര (സ്വർണം)
2012 ലണ്ടൻ - വിജയ് കുമാർ (വെള്ളി)
2012 ലണ്ടൻ - ഗഗൻ നാരംഗ് (വെങ്കലം)
2024 പാരീസ് - മനു ഭാക്കർ (വെങ്കലം)
ഞായറാഴ്ച നടന്ന ഫൈനലിൽ ആത്മവിശ്വാസത്തോടെയാണ് മനു ഭാക്കർ തുടങ്ങിയത്. ഷൂട്ടിംഗ് റേഞ്ചിൽ അവരുടെ പേര് വിളിച്ചപ്പോൾ, ടിവി ക്യാമറകൾക്ക് നേരെ നിറഞ്ഞ പുഞ്ചിരിയോടെയാണ് മനു മത്സരത്തിന് ഇറങ്ങിയത്. എട്ട് വനിതകൾ പങ്കെടുത്ത ഫൈനലിൽ ഒരിക്കലും മൂന്നാം സ്ഥാനത്തിന് താഴെ പോവാതെ മനു സ്ഥിരത കാത്തുസൂക്ഷിച്ചു.