ഞെട്ടിച്ച് സ്‌റ്റോയിനിസ്, ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്നും പിന്മാറി, വിരമിച്ചു!
ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ക്രിക്കറ്റ് ഓസ്ട്രേലിയയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് സ്റ്റോയിനിസ് ഈ തീരുമാനമെടുത്തിരിക്കുന്നത്.
2015-ല്‍ അരങ്ങേറ്റം കുറിച്ച സ്റ്റോയിനിസ് 71 ഏകദിന മത്സരങ്ങള്‍ ഓസ്‌ട്രേലിയക്കായി കളിച്ചിട്ടുണ്ട്. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ സ്റ്റോയിനിസിനെ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു. സ്‌റ്റോയിനിസ് വിരമിച്ച പശ്ചാത്തലത്തില്‍ ഇപ്പോള്‍ അദ്ദേഹത്തിന് പകരം പുതിയൊരാളെ ഓസ്‌ട്രേലിയന്‍ ടീമില്‍ എടുക്കേണ്ടി വരും.
'ഓസ്ട്രേലിയയ്ക്കായി ഏകദിന ക്രിക്കറ്റ് കളിക്കുന്നത് ഒരു അവിശ്വസനീയമായ യാത്രയായിരുന്നു, പച്ചയും സ്വര്‍ണ്ണവും നിറത്തിലുള്ള ജേഴ്‌സിയില്‍ ഓരോ നിമിഷവും ഞാന്‍ വിലമതിക്കുന്നു. ഏറ്റവും ഉയര്‍ന്ന തലത്തില്‍ എന്റെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് എനിയ്ക്ക് മറക്കാനാകാത്ത അനുഭവമാണ്' സ്റ്റോയിനിസ് പറഞ്ഞു.
'വിരമിക്കുക എന്നത് എളുപ്പമുള്ള തീരുമാനമായിരുന്നില്ല, പക്ഷേ ഏകദിനത്തില്‍ നിന്ന് മാറി എന്റെ കരിയറിലെ അടുത്ത അധ്യായത്തില്‍ പൂര്‍ണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സമയമായി എന്ന് ഞാന്‍ വിശ്വസിക്കുന്നു. എനിക്ക് റോണുമായി ( ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡ്) മികച്ച ബന്ധമുണ്ട്, അദ്ദേഹത്തിന്റെ പിന്തുണയെ ഞാന്‍ ഒരുപാട് വിലമതിക്കുന്നു' സറ്റോയിനിസ് കൂട്ടിച്ചേര്‍ത്തു.
2017-ല്‍ ഓക്ക്ലന്‍ഡില്‍ ന്യൂസിലന്‍ഡിനെതിരെ പുറത്താകാതെ 146 റണ്‍സ് നേടിയതാണ് സ്റ്റോയിനിസിന്റെ ഏകദിന കരിയറിലെ മികച്ച പ്രകടനം. കഴിഞ്ഞ നവംബറില്‍ പാകിസ്ഥാന്‍ പര്യടനത്തിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. ഏകദിനത്തില്‍ 1495 റണ്‍സും 48 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്. 2023-ല്‍ ലോകകപ്പ് നേടിയ ഓസ്ട്രേലിയന്‍ ടീമിലെ അംഗമായിരുന്നു സ്റ്റോയിനിസ്. 2018-19ല്‍ അദ്ദേഹം ആ വര്‍ഷത്തെ മികച്ച ഏകദിന ക്രിക്കറ്റ് താരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
'കഴിഞ്ഞ ഒരു ദശാബ്ദമായി സ്റ്റോയിന്‍ ഞങ്ങളുടെ ഏകദിന ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു. വിലമതിക്കാനാവാത്ത കളിക്കാരന്‍ മാത്രമല്ല, ഒരു ഗ്രൂപ്പില്‍ ഉണ്ടാകാന്‍ കഴിയുന്ന ഒരു മികച്ച വ്യക്തി കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹം ഒരു സ്വാഭാവിക നേതാവാണ്, വളരെ ജനപ്രിയ കളിക്കാരനാണ്, മികച്ച വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഏകദിന കരിയറെയും എല്ലാ നേട്ടങ്ങളെയും അഭിനന്ദിക്കുന്നു,' ഓസ്ട്രേലിയന്‍ പുരുഷ ക്രിക്കറ്റ് ടീം കോച്ച് ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡ് പറഞ്ഞു.