എഴുതി വെച്ചോളൂ, കോലി വീണ്ടും ഓസ്‌ട്രേലിയയില്‍ കളിയ്ക്കും, തുറന്നടിച്ച് ഇന്ത്യന്‍ താരം
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തെ തുടര്‍ന്ന് വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഈ ആവശ്യത്തെ നിരാകരിച്ചുകൊണ്ട് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി രംഗത്തെത്തി. ഐസിസി പ്രതിമാസ അവലോകനത്തില്‍, കോലി വീണ്ടും ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് കളിക്കുമെന്ന് ശാസ്ത്രി അഭിപ്രായപ്പെട്ടു.
നിങ്ങള്‍ എഴുതിവെച്ചോളു, കോലി വീണ്ടും ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് കളിക്കുമെന്ന് ഐസിസി പ്രതിമാസ അവലോകനത്തില്‍ രവി ശാസ്ത്രി പറഞ്ഞു. കോലിയുടെ കരിയറില്‍ ഇപ്പോള്‍ സംഭവിക്കുന്നത് സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും റിക്കി പോണ്ടിംഗിന്റെയും കരിയറുകളിലും സംഭവിച്ചിട്ടുള്ളതാണെന്ന് ശാസ്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷമായി താന്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നില്ലെന്ന് കോലിക്കും അറിയാം. എന്നിരുന്നാലും, മെച്ചപ്പെട്ട പ്രകടനം നടത്തി ടീമിന്റെ വിജയത്തില്‍ സംഭാവന ചെയ്യാന്‍ കോലിക്ക് കഴിയുന്നുണ്ടെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
യുവതാരങ്ങളായ യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, നിതീഷ് റെഡ്ഡി എന്നിവര്‍ക്ക് കോലിയുടെ സാന്നിധ്യത്തില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്നും ശാസ്ത്രി പറഞ്ഞു. ബാറ്റിംഗ് ഫോം വീണ്ടെടുക്കാന്‍ കോലിയും രോഹിത് ശര്‍മ്മയും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
കോലിയും രോഹിത്തും പോലുള്ള സീനിയര്‍ താരങ്ങള്‍ സമയം കിട്ടുമ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ തയ്യാറാകണമെന്നും ശാസ്ത്രി പറഞ്ഞു. പുതുതലമുറയ്ക്ക് ഇവരില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്. സ്പിന്‍ പിച്ചുകളില്‍ കളി മെച്ചപ്പെടുത്താനും ഇത് സഹായിക്കും. സമീപകാലത്ത് സ്പിന്‍ ട്രാക്കുകളില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് അത്ര മികച്ചതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2012ലാണ് കോലി അവസാനമായി രഞ്ജി ട്രോഫിയില്‍ കളിച്ചത്. 2016ലാണ് രോഹിത് അവസാനമായി രഞ്ജിയില്‍ കളിച്ചത്. ഈ മാസം 23 മുതല്‍ രഞ്ജി ട്രോഫി രണ്ടാം ഘട്ടം ആരംഭിക്കുന്നത്. ഇരുവരും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്