റൊണാൾഡോയുടെ അസിസ്റ്റ് ഫുട്ബോൾ അക്കാദമികളിൽ പ്രദർശിപ്പിക്കണമെന്ന് പോർച്ചുഗൽ പരിശീലകൻ
യൂറോ കപ്പിൽ ഇന്നലെ രാത്രി നടന്ന മത്സരത്തിൽ തുർക്കിക്കെതിരെ പോർച്ചുഗൽ മികച്ച വിജയം നേടിയപ്പോൾ ഗോളുകൾ നേടിയത് ബെർണാഡോ സിൽവയും ബ്രൂണോ ഫെർണാണ്ടസുമായിരുന്നു. ഒരു ഗോൾ തുർക്കി ദാനമായും പോർച്ചുഗലിന് നൽകി. എന്നാൽ മത്സരം കഴിഞ്ഞപ്പോൾ വാർത്തകളിൽ നിറയുന്നത് ടീമിന്റെ നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.
മത്സരത്തിൽ ടീമിന്റെ മൂന്നാമത്തെ ഗോളിന് ബ്രൂണോ ഫെർണാണ്ടസിന് നിസ്വാർത്ഥമായി അസിസ്റ്റ് നൽകിയാണ് റൊണാൾഡോ വാർത്തകളിൽ നിറഞ്ഞത്. ഇതോടെ യൂറോ കപ്പിൽ ഏറ്റവുമധികം അസിസ്റ്റുകളെന്ന നേട്ടം റൊണാൾഡോക്ക് സ്വന്തമായി. മത്സരത്തിന് ശേഷം പോർച്ചുഗൽ പരിശീലകൻ ആ അസിസ്റ്റിനെ അക്കാദമികളിൽ പ്രദര്ശിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടത്.
"റൊണാൾഡോ എല്ലാവർക്കും ഒരു മാതൃകയും പ്രചോദനവുമാണ്. താരം നൽകിയ അസിസ്റ്റ് പോർചുഗലിലെയും അതിനു പുറമെ ലോകത്ത് എല്ലായിടത്തെയും ഫുട്ബോൾ അക്കാദമികളിൽ പ്രദർശിപ്പിക്കണം. ടീമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന സന്ദേശമാണ് അതിലൂടെ നൽകുന്നത്." മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ റോബർട്ടോ മാർട്ടിനസ് പറഞ്ഞു.
തന്റെ വ്യക്തിഗത നേട്ടത്തേക്കാൾ ടീമിന്റെ വിജയമുറപ്പിക്കാനാണ് റൊണാൾഡോ ആ അസിസ്റ്റിലൂടെ ശ്രമിച്ചതെന്ന് വ്യക്തമാണ്. ഇത്തവണ യൂറോ കിരീടം എന്ത് വില കൊടുത്തും നേടണമെന്ന ആഗ്രഹം റൊണാൾഡൊക്കുണ്ടെന്ന് അതിൽ നിന്നും വ്യക്തമാണ്. ഇതേ പ്രകടനം തുടരാനായാൽ അവർക്കതിനു കഴിയുകയും ചെയ്യും.