വമ്പന്‍ മാറ്റങ്ങള്‍, സ്മിത്ത് ക്യാപ്റ്റന്‍, സര്‍പ്രൈസ് ടീമുമായി ഓസ്‌ട്രേലിയ
ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയന്‍ ടീമിനെ നയിക്കുക. പാറ്റ് കമ്മിന്‍സ് രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തിനായി നാട്ടിലേക്ക് മടങ്ങിയതിനാലാണ് സ്മിത്തിനെ ക്യാപ്റ്റനാക്കിയത്. ജോഷ് ഹേസല്‍വുഡിനെയും വിശ്രമത്തിനായി ഒഴിവാക്കിയിട്ടുണ്ട്. മിച്ചല്‍ മാര്‍ഷിനും ടീമില്‍ ഇടമില്ല.
നേരത്തെ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട നഥാന്‍ മക്‌സ്വീനിയെയും പുതുമുഖം കൂപ്പര്‍ കോണോളിയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്പിന്നര്‍മാര്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് ടീം. നഥാന്‍ ലയണിനൊപ്പം മാറ്റ് കുഹ്നെമാനും ടോഡ് മര്‍ഫിയും സ്പിന്‍ നിരയിലുണ്ട്. ഇടംകൈയ്യന്‍ ഓഫ് സ്പിന്നറായ കോണോളിക്ക് ടെസ്റ്റ് അരങ്ങേറ്റം കുറിക്കാന്‍ അവസരം ലഭിച്ചേക്കും.
'ശ്രീലങ്ക വെല്ലുവിളി നിറഞ്ഞതും ആവേശകരവുമായ ഒരു പര്യടനമാണ്. വ്യത്യസ്ത പിച്ചുകളില്‍ കളിക്കേണ്ടി വന്നേക്കാം. ഓരോ മത്സരത്തിലും ഏതുതരം വിക്കറ്റാണ് നേരിടേണ്ടി വരുന്നത് എന്നതിനെ ആശ്രയിച്ച് ടീമിനെ തിരഞ്ഞെടുക്കാന്‍ ഈ സ്‌ക്വാഡ് സഹായിക്കും' സെലക്ടര്‍ ജോര്‍ജ് ബെയ്ലി പറഞ്ഞു.
ഇന്ത്യയ്ക്കെതിരായ അവസാന ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ബ്യൂ വെബ്സ്റ്റര്‍ ടീമില്‍ ഇടം നിലനിര്‍ത്തി.
'ടെസ്റ്റ് കരിയറിന്റെ തുടക്കത്തിലുള്ള ടീം അംഗങ്ങള്‍ക്ക് ഇന്ത്യന്‍ ഉപഭൂഖണ്ഡ സാഹചര്യങ്ങളില്‍ കളിക്കാനുള്ള അവസരമാണിത്. വരും വര്‍ഷങ്ങളില്‍ ഞങ്ങള്‍ക്ക് നിരവധി പ്രധാന പര്യടനങ്ങള്‍ ഉപഭൂഖണ്ഡത്തിലുണ്ട്,' ബെയ്ലി കൂട്ടിച്ചേര്‍ത്തു.
ഓസ്ട്രേലിയന്‍ ടീം: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, ഷോണ്‍ അബോട്ട്, സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി, കൂപ്പര്‍ കോണോളി, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റാസ്, മാറ്റ് കുഹ്നെമാന്‍, മാര്‍നസ് ലബുഷെയ്ന്‍, നഥാന്‍ ലിയോണ്‍, നഥാന്‍ മക്‌സ്വീനി, ടോഡ് മര്‍ഫി, മിച്ചല്‍ സ്റ്റാര്‍ക്ക്, ബ്യൂ വെബ്സ്റ്റര്‍.