ഗാബയില്‍ സമനില, തോല്‍വി അതിജയിച്ച് ഇന്ത്യ, ഇത് മോറല്‍ വിക്ടറി
ഇന്ത്യ-ഓസ്‌ട്രേലിയ ഗാബ ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞു. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 275 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ മഴയെത്തിയതോടെയാണ് ഇരുക്യാപ്റ്റന്മാരും സമനിലയില്‍ പിരിയാന്‍ തീരുമാനിച്ചത്. ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ എട്ട് റണ്‍സ് എന്ന നിലയില്‍ ബാറ്റ് ചെയ്യുമ്പോഴാണ് വീണ്ടും രസംകൊല്ലിയായി മഴയെത്തിയത്. നാല് റണ്‍സ് വീതമെടുത്ത് യശ്വസ്വി ജയ്‌സ്വാളും കെഎല്‍ രാഹുലുമായിരുന്നു ക്രീസില്‍.
ഇതോടെ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇരുടീമുകളും 1-1 എന്ന നിലയില്‍ തുടരുകയാണ്. അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ പരമ്പര വിജയികളെ തീരുമാനിക്കും. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡ് ആണ് ഗാബ ടെസ്റ്റിലെ കളിയിലെ താരം.
നേരത്തെ രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്്തതോടെയാണ് ഇന്ത്യ 274 റണ്‍സ് വിജയലക്ഷ്യം മുന്‍ നിര്‍ത്തി ബാറ്റിംഗിനിറങ്ങിയത്. ഒന്‍പതിന് 252 റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ എട്ട് റണ്‍സ് കൂടി ചേര്‍ത്ത് പുറത്തായി. ആകാശ് ദീപിനെ കീപ്പര്‍ പിടിച്ചാണ് ഇന്ത്യന്‍ ഇന്നിംഗ്‌സ് 260 റണ്‍സിന് അവസാനിച്ചത്. ഇതോടെ 185 റണ്‍സ് ലീഡുമായി ഇറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് പക്ഷെ രണ്ടാം ഇന്നിംഗ്‌സില്‍ പച്ചതൊടാനിയില്ല.
അതിവേഗം റണ്‍സ് ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. 18 ഓവറില്‍ ആണ് ഓസീസ് ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 89 റണ്‍സെടുത്തത്.
ആറ് ഓവറില്‍ 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഭുംറ ബൗളിംഗ് ആക്രമണത്തിന് ചുക്കാന്‍ പിടിച്ചു. ഹെഡിനേയും സ്മിത്തിനേയും പുറത്താക്കി സിറാജ് ഉറച്ച പിന്തുണ നല്‍കി. ആകാശ് ദീവും രണ്ട് വിക്കറ്റ് വീഴ്ത്തി. ഓസ്‌ട്രേലിയക്കായി പാറ്റ് കമ്മിന്‍സ് (22), അലക്‌സ് കാരി (19*), ട്രാവിസ് ഹെഡ് (17) എന്നിവരാണ് പൊരുതിയത്.