For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ആ ഇലകൊഴിഞ്ഞു, പുലര്‍ച്ചെ ബോംബ് പൊട്ടിച്ചു, വെയ്ഡ് കളി മതിയാക്കി

10:28 AM Oct 29, 2024 IST | Fahad Abdul Khader
Updated At - 10:28 AM Oct 29, 2024 IST
ആ ഇലകൊഴിഞ്ഞു  പുലര്‍ച്ചെ ബോംബ് പൊട്ടിച്ചു  വെയ്ഡ് കളി മതിയാക്കി

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മാത്യു വെയ്ഡ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 13 വര്‍ഷം നീണ്ട കരിയറിന് ശേഷമാണ് ഇടംകൈയ്യന്‍ ബാറ്റ്‌സ്മാനായ വെയ്ഡ് അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുന്നത്. അതെസമയം ആഭ്യന്തര ക്രിക്കറ്റിലും ബിഗ് ബാഷ് ലീഗിലും വിദേശ ഫ്രാഞ്ചൈസി ലീഗുകളിലും വെയ്ഡ് കളി തുടരും.

കരിയറില്‍ ഇനി കോച്ചിംഗിലേക്ക് തിരിയാനാണ് വെയ്ഡ് ആലോചിക്കുന്നത്. പാകിസ്ഥാനെതിരായ ടി20 പരമ്പരയില്‍ ഓസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പിംഗ്, ഫീല്‍ഡിംഗ് കോച്ചായി ഇതിനകം വെയ്ഡ് നിയമിതനായി കഴിഞ്ഞിരുന്നു.

Advertisement

എല്ലാ ഫോര്‍മാറ്റുകളിലും ഓസീസ് ടീമില്‍ ഇടം നേടാന്‍ പൊരുതിയ വെയ്ഡ്, 2021-ല്‍ യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ കന്നി കിരീട നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഇതോടെ വെയ്ഡ് ഓസീസ് ടീമില്‍ സ്ഥാനം ഉറപ്പിച്ചു. ആ ലോകകപ്പിലെ സെമിഫൈനലില്‍ പാകിസ്ഥാനെതിരെ നേടിയ 41 റണ്‍സ് (17 പന്തില്‍) അദ്ദേഹത്തെ ഒരു ഫിനിഷറായി അടയാളപ്പെടുത്തി. 2022, 2024 ലോകകപ്പുകളിലും വിക്കറ്റ് കീപ്പിംഗ് ചുമതല വെയ്ഡിനായിരുന്നു.

എന്നാല്‍, കഴിഞ്ഞ മാസം നടന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ അദ്ദേഹത്തെ അവഗണിച്ചതോടെ സെലക്ടര്‍മാര്‍ മാറ്റം ആഗ്രഹിക്കുന്നുവെന്ന് വ്യക്തമായി. ഇതോടെയൊണ് വെയ്ഡ വിരമിക്കാന്‍ തീരുമാനിച്ചത്.

Advertisement

'ടി20 ലോകകപ്പിന് ശേഷം എന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിച്ചുവെന്ന് എനിക്കറിയാമായിരുന്നു. കഴിഞ്ഞ ആറ് മാസങ്ങളായി ജോര്‍ജ്ജ് ബെയ്ലി, ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡ് എന്നിവരുമായി എന്റെ അന്താരാഷ്ട്ര വിരമിക്കലിനെയും കോച്ചിംഗിനെയും കുറിച്ച് നിരന്തരം സംസാരിച്ചിരുന്നു' വെയ്ഡ് പറഞ്ഞു.

'എന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിക്കുമ്പോള്‍, എന്റെ എല്ലാ ഓസ്‌ട്രേലിയന്‍ സഹതാരങ്ങളോടും, ജീവനക്കാരോടും, പരിശീലകരോടും ഞാന്‍ നന്ദി പറയുന്നു' വെയ്ഡ പറഞ്ഞു.

Advertisement

'അന്താരാഷ്ട്ര തലത്തില്‍ എത്രത്തോളം വെല്ലുവിളി നിറഞ്ഞതാണെങ്കിലും ഞാന്‍ ആ യാത്ര ആസ്വദിച്ചിരുന്നു. എന്റെ ചുറ്റുമുള്ള നല്ല ആളുകള്‍ ഇല്ലായിരുന്നെങ്കില്‍ എനിക്ക് ഒരിക്കലും ഇത്രയധികം നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമായിരുന്നില്ല'

'എന്റെ കുടുംബത്തെയും, അമ്മയെയും, അച്ഛനെയും, സഹോദരിമാരെയും വര്‍ഷങ്ങളായി ഗെയിമുകളിലേക്കും പരിശീലനത്തിലേക്കും എന്നെ എത്തിക്കാന്‍ അവര്‍ ചെലവഴിച്ച എണ്ണമറ്റ മണിക്കൂറുകള്‍ക്ക് ഞാന്‍ നന്ദി പറയുന്നു.'

'അവസാനമായി ജൂലിയയ്ക്കും കുട്ടികള്‍ക്കും. എന്റെ സ്വപ്നങ്ങള്‍ പിന്തുടരാന്‍ അവര്‍ നടത്തിയ ത്യാഗങ്ങള്‍ക്ക് ഞാന്‍ അവരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. അവരുടെ പിന്തുണയില്ലാതെ ഇതൊന്നും സംഭവിക്കുമായിരുന്നില്ല' വെയ്ഡ് പറഞ്ഞ് നിര്‍ത്തി.

Advertisement