മായങ്കിന്റെയും നിതീഷിന്റെയും ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം, പണി കിട്ടിയത് ഐപിഎല്‍ ടീമുകള്‍ക്ക്
ബംഗ്ലാദേശിനെതിരെ ആദ്യ ടി20യില്‍ യുവതാരങ്ങളായ മായങ്ക് യാദവും നിതീഷ് കുമാര്‍ റെഡ്ഡിയും ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണല്ലോ. ഇത് അവരുടെ ഫ്രാഞ്ചസികളായ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനും സണ്‍റൈസേഴ്സ് ഹൈദരാബാദിനും ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി വലിയൊരു തിരിച്ചടിയായി മാറിയിരിക്കുകയാണ്.
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇരുവരും ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചതോടെ ഐപിഎല്‍ ലേലത്തില്‍ ക്യാപ്ഡ് താരങ്ങളുടെ പട്ടികയിലേക്ക് ഉയര്‍ന്നു.
ഒക്ടോബര്‍ 31 ആയിരുന്നു ടീമുകള്‍ക്ക് കളിക്കാരെ നിലനിര്‍ത്താനുള്ള അവസാന തീയതി. ഈ സമയപരിധിക്ക് ശേഷം ഇരുവരും ഇന്ത്യക്കായി കളിച്ചതോടെ ലേലത്തില്‍ നിലനിര്‍ത്തണമെങ്കില്‍ കൂടുതല്‍ തുക മുടക്കേണ്ടിവരും എന്നതാണ് ടീമുകള്‍ നേരിടുന്ന പ്രതിസന്ധി. ബിസിസിഐയുടെ റീടെന്‍ഷന്‍ നയമനുസരിച്ച് ക്യാപ്ഡ് താരങ്ങളെ നിലനിര്‍ത്താന്‍ കുറഞ്ഞത് 11 കോടി രൂപ ചെലവാക്കണം. അണ്‍ക്യാപ്ഡ് താരങ്ങളെ നിലനിര്‍ത്താന്‍ 4 കോടി മതിയാകുമായിരുന്നു.
ലഖ്നൗവിന്റെ നിലനിര്‍ത്തല്‍ പട്ടികയില്‍ കെ എല്‍ രാഹുല്‍, ഡി കോക്ക്, പുരാന്‍, സ്റ്റോയ്നിസ് എന്നിവര്‍ ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷ. ഹൈദരാബാദ് കമിന്‍സ്, ഹെഡ്, അഭിഷേക് ശര്‍മ എന്നിവരെ നിലനിര്‍ത്തിയേക്കും. നിതീഷ് റെഡ്ഡിയെ റൈറ്റ് ടു മാച്ച് ഓപ്ഷന്‍ ഉപയോഗിച്ച് ടീമിലെത്തിക്കാനാണ് ഹൈദരാബാദ് ശ്രമിച്ചേക്കാം. മായങ്ക് യാദവ് പരിക്കേല്‍ക്കാതിരുന്നാല്‍ ലേലത്തില്‍ പല ടീമുകളുടെയും ശ്രദ്ധാകേന്ദ്രമാകുമെന്നുറപ്പ്.