ഫ്രാൻസിന് നിരാശപ്പെടുത്തുന്ന വാർത്ത, എംബാപ്പെ യൂറോയിൽ പുറത്തിരിക്കേണ്ടി വരും
ഓസ്ട്രിയക്കെതിരെ ഇന്നലെ നടന്ന മത്സരത്തിൽ പൊരുതി വിജയം നേടിയെങ്കിലും ഫ്രഞ്ച് ആരാധകരെ സംബന്ധിച്ച് ആശങ്കകൾ സമ്മാനിച്ചാണ് മത്സരം അവസാനിച്ചത്. ടീമിന്റെ സൂപ്പർതാരമായ എംബാപ്പെക്ക് പരിക്ക് പറ്റിയതാണ് അതിനു കാരണം. ഒരു ഹെഡർ ശ്രമത്തിനിടെ ഓസ്ട്രിയൻ താരവുമായി കൂട്ടിയിടിച്ച എംബാപ്പെയുടെ മൂക്കിനാണ് പരിക്കേറ്റത്.
എംബാപ്പെ മാസ്‌ക് വെച്ച് അടുത്ത മത്സരങ്ങൾ കളിക്കുമെന്നും താരത്തിന് ശസ്ത്രക്രിയ ഇപ്പോൾ ആവശ്യമില്ലെന്നുമാണ് അതിനു പിന്നാലെ വന്ന റിപ്പോർട്ടുകൾ പറഞ്ഞത്. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് ഫ്രഞ്ച് ആരാധകർ എംബാപ്പയുടെ കാര്യത്തിൽ ആശങ്കപ്പെട്ടേ മതിയാകൂവെന്നുമാണ്.
ഇഎസ്‌പിഎൻ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം എംബാപ്പെക്ക് ഹോളണ്ടിനെതിരെ നടക്കാനിരിക്കുന്ന അടുത്ത ഗ്രൂപ്പ് മത്സരം നഷ്‌ടമാകും. അതേസമയം ഫ്രാൻസിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത് ക്വാർട്ടർ ഫൈനൽ വരെയുള്ള മത്സരങ്ങളിൽ താരം കളിക്കില്ലെന്നാണ്. നിസാരമല്ല ഫ്രഞ്ച് താരത്തിന്റെ പരിക്കെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു.
അടുത്തിടെയാണ് എംബാപ്പെ റയൽ മാഡ്രിഡിലേക്ക് ചേക്കേറിയത്. അടുത്ത സീസണിൽ തങ്ങളുടെ പ്രധാന കളിക്കാരനാകാൻ പോകുന്ന എംബാപ്പയുടെ ഫിറ്റ്നസിനെക്കുറിച്ച് റയൽ മാഡ്രിഡിന് കൃത്യമായ നിലപാടുകൾ ഉണ്ടായിരിക്കും. അതുകൊണ്ടു തന്നെ താരത്തിന് വിശ്രമം നൽകാൻ ഫ്രാൻസ് നിർബന്ധിതരായാൽ അത് യൂറോയിൽ തിരിച്ചടിയാകുമെന്നതിലും സംശയമില്ല.