For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

റോണോ സ്റ്റൈലിൽ എംബാപ്പെ റയലിൽ അവതരിച്ചു; രണ്ട് സൂപ്പർതാരങ്ങളുടെ അവതരണം തമ്മിലുള്ള സാമ്യത അവിശ്വസനീയം

06:16 PM Jul 16, 2024 IST | admin
UpdateAt: 06:16 PM Jul 16, 2024 IST
റോണോ സ്റ്റൈലിൽ എംബാപ്പെ റയലിൽ അവതരിച്ചു  രണ്ട് സൂപ്പർതാരങ്ങളുടെ അവതരണം തമ്മിലുള്ള സാമ്യത അവിശ്വസനീയം

ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയെ റയൽ മാഡ്രിഡ് ഔദ്യോഗികമായി അവതരിപ്പിച്ചു. സാന്റിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിൽ എൺപതിനായിരത്തോളം ആരാധകർ ഒന്നിച്ചുകൂടിയ വേദിയിലാണ് ഒൻപതാം നമ്പർ ജേഴ്‌സിയിൽ എംബാപ്പെ എത്തിയത്.

റയൽ മാഡ്രിഡ് കരിയറിന്റെ തുടക്കം ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ആദരമർപ്പിച്ചുകൊണ്ടാണ് എംബാപ്പെ ആരംഭിച്ചത്. ജൂലൈ 16 ചൊവ്വാഴ്ച സാന്റിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിൽ നടന്ന അവതരണ ചടങ്ങിൽ റൊണാൾഡോയുടെ പ്രശസ്തമായ "ഉനോ, ഡോസ്, ട്രെസ്, ഹാല മാഡ്രിഡ്!" എന്ന വാചകം എംബാപ്പെ ആവർത്തിച്ചത് നിറഞ്ഞുകവിഞ്ഞ സാന്റിയാഗോ ബെർണാബിയൂ ഏറ്റുവിളിച്ചു.

Advertisement

രണ്ട് വർഷത്തിലേറെ നീണ്ടുനിന്ന ട്രാൻസ്ഫർ ചർച്ചകൾക്കൊടുവിൽ സ്പാനിഷ് ക്ലബ്ബിൽ ചേർന്ന എംബാപ്പെയെ ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. 2009-ൽ റൊണാൾഡോയുടെ അവതരണ വേളയിലെ വീഡിയോ ദൃശ്യങ്ങൾ പഠിച്ച എംബാപ്പെ, അദ്ദേഹത്തിന്റെ ഐക്കണിക് നിമിഷങ്ങൾ ഓരോന്നും പുനഃസൃഷ്ടിച്ചു ആരാധകരെ ആവേശത്തിലാക്കി.

Advertisement

രണ്ട് ഇതിഹാസ താരങ്ങളുടെ അവതരണ ചടങ്ങുകൾ തമ്മിലുള്ള സാമ്യം സോഷ്യൽ മീഡിയയിലെ ആരാധകർ പെട്ടെന്ന് ശ്രദ്ധിക്കുകയും ലോകത്തിലെ തന്നെ മികച്ച കളിക്കാരിൽ ഒരാൾ ലാ ലിഗയിൽ എത്തുന്നതിൽ ആഹ്ലാദിക്കുകയും ചെയ്തു.

Advertisement

ക്ലബിൽ ചേർന്നതിന് ശേഷം ഒരു വൈകാരിക പ്രസംഗം നടത്തിയ എംബാപ്പെ, റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസിന് നന്ദി പറഞ്ഞു. വർഷങ്ങളായി ഈ ക്ലബ്ബിനായി കളിക്കാൻ സ്വപ്നം കണ്ടിരുന്നതായും അത് ഒടുവിൽ യാഥാർത്ഥ്യമായതിൽ സന്തോഷമുണ്ടെന്നും എംബാപ്പെ പറഞ്ഞു. ചടങ്ങിൽ പങ്കെടുത്ത എംബാപ്പെയുടെ കുടുംബവും വികാരാധീനരായിരുന്നു, ആരാധകരോടുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രസംഗത്തിനിടെ താരത്തിന്റെ അമ്മ ഗാലറിയിൽ കണ്ണീരണിഞ്ഞു.

"എന്റെ സ്വപ്നം ഇന്ന് സാക്ഷാത്കരിക്കപ്പെട്ടു. ഞാൻ സന്തുഷ്ടനാണ്, ഞാൻ ശരിക്കും സന്തുഷ്ടനാണ്. ഇവിടം അവിശ്വസനീയമായി തോന്നുന്നു. റയൽ മാഡ്രിഡിനായി സ്വപ്നം കണ്ട് ഞാൻ വർഷങ്ങളോളം ഉറങ്ങിയിട്ടുണ്ട്, ഇപ്പോൾ അത് യാഥാർഥ്യമായിരിക്കുന്നു." എംബാപ്പെ പറഞ്ഞു.

"എന്റെ അമ്മ കരയുന്നത് ഞാൻ കാണുന്നു, ഇത് എനിക്ക് അവിശ്വസനീയമായ ഒരു ദിവസമാണ്. ഫ്ലോറന്റീനോ പെരസിന് നന്ദി അറിയിക്കാതെ വയ്യ." എംബാപ്പെ കൂട്ടിച്ചേർത്തു.

റിപ്പോർട്ടുകൾ പ്രകാരം, എംബാപ്പെ സ്പാനിഷ് ക്ലബ്ബുമായി അഞ്ച് വർഷത്തെ കരാർ ഒപ്പിട്ടിട്ടുണ്ട്. നികുതിക്ക് ശേഷം പ്രതിവർഷം 15 ദശലക്ഷം യൂറോ (16.2 ദശലക്ഷം യുഎസ് ഡോളർ) ആയിരിക്കും റയൽ മാഡ്രിഡിലെ എംബാപ്പെയുടെ കരാറിന്റെ മൂല്യം.

Advertisement