എംബാപ്പക്ക് ഫ്രാൻസിൽ നിന്നും രൂക്ഷ വിമർശനം, അംഗീകരിക്കാനാവാത്ത പ്രകടനമെന്ന് ആരാധകർ
ബാഴ്‌സലോണക്കെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പിഎസ്‌ജി തോൽവി വഴങ്ങിയതിനു പിന്നാലെ ടീമിലെ പ്രധാനതാരമായ എംബാപ്പാക്കെതിരെ ഫ്രാൻസിൽ നിന്നും രൂക്ഷമായ വിമർശനം. എംബാപ്പയായിരുന്നു പിഎസ്‌ജിയുടെ പ്രധാന താരമെങ്കിലും മത്സരത്തിലുടനീളം ബാഴ്‌സലോണ പ്രതിരോധത്തിന്റെ കത്രികപ്പൂട്ടിൽ അമർന്നിരിക്കുകയായിരുന്നു താരം.
ഇരുപത്തിയഞ്ചു വയസുള്ള റൊണാൾഡ് അറോഹോയും വെറും പതിനേഴു വയസ് മാത്രം പ്രായമുള്ള പൗ കുബാർസിയുമാണ് എംബാപ്പയെ തടഞ്ഞു നിർത്തിയതെന്നാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മത്സരത്തിലുടനീളം താളം വീണ്ടെടുക്കാൻ കഴിയാത്ത എംബാപ്പയെയാണ് കണ്ടത്. ഫ്രഞ്ച് മാധ്യമായ എൽ എക്വിപ്പെ എംബാപ്പെക്ക് പത്തിൽ മൂന്നു മാത്രം റേറ്റിങ് നൽകിയപ്പോൾ മുൻ ഫ്രഞ്ച് താരം ഡുഗറി രൂക്ഷവിമർശനം നടത്തി.
"ഏറ്റവും മോശം ഫുട്ബോളും ഒരു ഹൈ ലെവൽ കളിക്കാരൻ എന്ന നിലയിലെ ഏറ്റവും മോശം പ്രകടനവുമാണ് താരം നടത്തിയത്. പാസുകൾ മിസ് ചെയ്യാം, ഡ്രിബിളിംഗിൽ പരാജയപ്പെടാൻ, നമുക്കൊരു മോശം ദിവസവുമായിരിക്കാം. എന്നാൽ താരത്തിന്റെ മനോഭാവം തന്നെ മോശമായിരുന്നു, ഒരു ബഹുമാനക്കുറവില്ലായ്‌മ അതിൽ വ്യക്തമായിരുന്നു." ഡുഗറി പറഞ്ഞു.
ഈ സീസൺ കഴിയുന്നതോടെ പിഎസ്‌ജി കരാർ അവസാനിക്കുന്ന എംബാപ്പെ റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്നാണ് റിപ്പോർട്ടുകൾ. തന്റെ വാക്കുകളിൽ അക്കാര്യം ഡുഗറി പരോക്ഷമായി പരാമര്ശിക്കുന്നുണ്ടെന്ന് വ്യക്തമാണ്. പിഎസ്‌ജി വിട്ടാൽ ഫ്രഞ്ച് ആരാധകർ താരത്തിനെതിരെ തിരിയാനുള്ള സാധ്യതയുണ്ടെന്ന് ഇതിൽ നിന്നും വ്യക്തമാണ്.