പ്രതികാരദാഹിയായി എംബാപ്പെ സ്പെയിനിലെത്തി, ബാഴ്‌സലോണയുടെ മൈതാനം ഇന്ന് വിറക്കും
പിഎസ്‌ജിക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ ആദ്യപാദം ബാഴ്‌സലോണ ആരാധകർക്ക് വലിയ ആവേശം നൽകിയിരുന്നു. ഒരുപാട് പരിമിതികളിലൂടെ മുന്നോട്ടു പോകുന്ന സ്‌ക്വാഡ് മികച്ച പ്രകടനം നടത്തി പിഎസ്‌ജിയെ അവരുടെ മൈതാനത്ത് തോൽപ്പിച്ചതോടെ ഏതാനും വർഷങ്ങൾക്ക് ശേഷം ചാമ്പ്യൻസ് ലീഗിന്റെ സെമി കളിക്കാമെന്ന മോഹം ആരാധകർക്കുണ്ടായി.
എന്നാൽ ചാമ്പ്യൻസ് ലീഗിന്റെ സെമിയിലേക്ക് ബാഴ്‌സലോണയെ മുന്നേറാൻ അനുവദിക്കില്ലെന്നുറപ്പിച്ചാണ് പിഎസ്‌ജിയുടെ പ്രധാന താരം എംബാപ്പെ സ്പെയിനിൽ എത്തിയിരിക്കുന്നത്. എംബാപ്പയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തിയത് പ്രകാരം ബാഴ്‌സലോണയെ അവരുടെ മൈതാനത്ത് കീഴടക്കി പ്രതികാരം ചെയ്യുമെന്ന് ഫ്രഞ്ച് താരം അടുത്ത ബന്ധമുള്ളവരെ അറിയിച്ചിട്ടുണ്ട്.
ബാഴ്‌സലോണക്കെതിരെ ആദ്യപാദത്തിൽ പിഎസ്‌ജി മികച്ച പ്രകടനം നടത്തിയിരുന്നെങ്കിൽ എംബാപ്പെ നിലവാരം കാണിച്ചില്ല. ഒരു ഷോട്ട് പോലും ഗോളിലേക്ക് ഉതിർക്കാൻ കഴിയാത്ത രീതിയിലാണ് താരത്തെ ബാഴ്‌സ പ്രതിരോധം പൂട്ടിയത്. ഇതേതുടർന്ന് ഫ്രാൻസിൽ നിന്നു വരെ എംബാപ്പെക്ക് വിമർശനം ഉയർന്നിരുന്നു. അതിനെ മറികടക്കേണ്ടത് എംബാപ്പയെ സംബന്ധിച്ച് അനിവാര്യമായ കാര്യമാണ്.
ബാഴ്‌സലോണയുടെ മൈതാനത്ത് ഇതിനു മുൻപ് പിഎസ്‌ജി കളിച്ചപ്പോൾ എംബാപ്പെ ഗംഭീര പ്രകടനമാണ് നടത്തിയത്. മെസി അടക്കമുള്ള ടീമിനെതിരെ ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയ താരം അതുപോലെയൊരു പ്രകടനം ആവർത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർണായക മത്സരങ്ങളിൽ തിളങ്ങാറുള്ള താരത്തെ ബാഴ്‌സലോണ ഭയപ്പെട്ടേ മതിയാകൂ.