വാങ്കേഡെ സ്‌റ്റേഡിയം ജീവനക്കാര്‍ക്ക് കണ്ണുതള്ളുന്ന സമ്മാനം നല്‍കി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍
വാങ്കേഡെ സ്റ്റേഡിയത്തിന്റെ 50 വര്‍ഷം പൂര്‍ത്തിയായതിന്റെ ആഘോഷത്തിന്റെ ഭാഗമായി ഗ്രൗണ്ട്‌സ്മാന്‍മാര്‍ക്ക് വലിയ സമ്മാനങ്ങള്‍ നല്‍കി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ (എംസിഎ). 178 പേരടങ്ങിയ ഗ്രൗണ്ട്‌സ്മാന്‍മാര്‍ക്കാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ വലിയ സമ്മാനങ്ങള്‍ നല്‍കിയത്. എംസിഎ സംഘടിപ്പിച്ച ഒരു ആഴ്ച നീളുന്ന ആഘോഷങ്ങളുടെ ഭാഗമായിരുന്നു ഈ നടപടി.
ഗ്രൗണ്ട് സ്റ്റാഫിന് നല്‍കിയ സമ്മാനങ്ങളില്‍ നിരവധി വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടുന്നു. ഗ്രൗണ്ട് സ്റ്റാഫിന്റെ ദിനം മനോഹരമാക്കാന്‍ ഈ വ്യത്യസ്ത നടപടി സ്വീകരിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു. എംസിഎയുടെ ആഘോഷങ്ങളുടെ പരമ്പര ജനുവരി 19 ന് ഒരു ഗ്രാന്‍ഡ് ഫംഗ്ഷനോടെ അവസാനിക്കും.
അഞ്ച് കിലോഗ്രാം വീതമുള്ള ഗോതമ്പ്, അരി, മുളക്. മിക്‌സി ഗ്രൈന്‍ഡര്‍, മെഡിക്കല്‍, ഹൈഡ്രേഷന്‍ കിറ്റുകള്‍. ബാക്ക്പാക്ക്, മിനി കിറ്റ് ബാഗ്, വെയ്സ്റ്റ് പൗച്ച്. ടീ ബാഗുകളും കെറ്റിലും. തൂവാലും നാപ്കിനുകളും. പെന്‍സിലും നോട്ട്പാഡുകളും. ബെഡ്ഷീറ്റ്, തലയിണ. ടീ-ഷര്‍ട്ട്, ട്രാക്ക് പാന്റ്, ഷോര്‍ട്‌സ്, സോക്‌സ്, ഷൂസ്, ഫ്‌ലിപ്പ് - ഫ്‌ലോപ്സ്, ജാക്കറ്റ്, സണ്‍ഗ്ലാസുകള്‍, കാപ്സ്, ഹാറ്റ്. ടൂത്ത്ബ്രഷ്, ടൂത്ത്പേസ്റ്റ്, സോപ്പ്, ഹെയര്‍ഓയില്‍, കോമ്പ്, ബ്ലാങ്കറ്റ്, അംബ്രല്ല, മഴക്കോട്ട്, ഉപകരണങ്ങള്‍, സണ്‍സ്‌ക്രീന്‍, സിപ്പര്‍ ബോട്ടിലുകള്‍' എന്നിവ ഗ്രൗണ്ട് സ്റ്റാഫിന് നല്‍കിയതായി ദ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ചില ക്രിക്കറ്റ് താരങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം പാരിതോഷികം നല്‍കി. 1974-1975 സീസണില്‍ വാങ്കേഡെ സ്റ്റേഡിയത്തില്‍ ആദ്യത്തെ പ്രഥമ മത്സരത്തില്‍ പങ്കെടുത്ത മുംബൈ ടീമിലെ ഇപ്പോഴും ജീവിച്ചിരിക്കുന്ന എട്ട് അംഗങ്ങള്‍ക്കാണ് പണം നല്‍കിയത്.
ബോംബെ എന്നറിയപ്പെട്ടിരുന്ന മുംബൈ ടീമിന്റെ ഈ എട്ട് അംഗങ്ങളില്‍ അഞ്ചുപേര്‍ - ശിവല്‍കര്‍, ഗാവ്രി, പായ്, റെജെ, ഇസ്മയില്‍ - ഈ പരിപാടിയില്‍ പങ്കെടുത്തു. എംസിഎ സെക്രട്ടറി അഭയ ഹദാപ് വാങ്കേഡെയില്‍ ആദ്യത്തെ മത്സരം കളിച്ച മുംബൈ ടീമിലെ അംഗങ്ങളെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു.
കൂടാതെ1975 മുതലുള്ള മുന്‍ ഉദ്യോഗസ്ഥരെയും എംസിഎ ആദരിച്ചു. കൂടാതെ ബുധനാഴ്ച മുംബൈ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ വാങ്കേഡെ സ്റ്റേഡിയം, ബികെസിയിലെ ശരദ് പവാര്‍ ക്രിക്കറ്റ് അക്കാഡമി, കാണ്ടിവാലിയിലെ സച്ചിന്‍ തെണ്ടുല്‍കര്‍ ജിംഖാന എന്നിവയുള്‍പ്പെടെ വിവിധ വേദികളില്‍ പ്രവര്‍ത്തിക്കുന്ന എംസിഎയുടെ ഗ്രൗണ്ട്‌സ്മാന്‍മാരുമായി സംസാരിച്ചു.