ഒടുവില്‍ മൗനം മുറിച്ച് അശ്വിന്‍, അപ്രതീക്ഷിത വിരമിക്കലിന് പിന്നിലെ കാരണം പുറത്ത് വിട്ടു
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്കിടെ ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം രവിചന്ദ്രന്‍ അശ്വിന്‍ അപ്രതീക്ഷിതമായി വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത് ഏറെ അഭ്യൂഹങ്ങള്‍ ഉയര്‍ത്തിയിരുന്നു. ആദ്യ മൂന്ന് ടെസ്റ്റുകളില്‍ ഒന്നില്‍ മാത്രമാണ് അശ്വിന്‍ കളിച്ചത്. ഇതിന് പിന്നാലെയാണ് അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മനോജ് തിവാരി മാനേജുമെന്റ് അശ്വിനെ അപമാനിച്ചുവെന്ന് ആരോപിച്ചപ്പോള്‍, മുന്‍ ഇന്ത്യന്‍ ബൗളിംഗ് പരിശീലകന്‍ ഭരത് അരുണ്‍ അദ്ദേഹം 'വേദനിച്ചു'വെന്നാണ് തുറന്ന് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍, ഇക്കാര്യത്തില്‍ മൗനം വെടിഞ്ഞിക്കുകയാണ് അശ്വിന്‍.
'എനിക്ക് ഈ ഇടവേള ആവശ്യമായിരുന്നു. അതിനാലാണ് ഞാന്‍ പരമ്പര പാതിവഴിയില്‍ ഉപേക്ഷിച്ചത്. സിഡ്നി, മെല്‍ബണ്‍ ടെസ്റ്റുകള്‍ക്ക് ശേഷം ഞാന്‍ എക്സില്‍ (ട്വിറ്റര്‍) ചില കാര്യങ്ങള്‍ പോസ്റ്റ് ചെയ്തെങ്കിലും ക്രിക്കറ്റിനെക്കുറിച്ച് ഞാന്‍ അധികം സംസാരിച്ചില്ല. ഞാന്‍ ഡ്രസ്സിംഗ് റൂമിലായിരുന്നതിനാല്‍ ഡ്രസ്സിംഗ് റൂമിന്റെ പവിത്രതയെ മാനിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ഞാന്‍ കരുതി. ഇന്ന് ആരാധകരുടെ യുദ്ധം വളരെ വിഷലിപ്തമാണ്' അശ്വിന്‍ 'അശ് കി ബാത്ത്' എന്ന പരിപാടിയില്‍ പറഞ്ഞു.
'ചിലപ്പോള്‍ അത് സഹജമായി ചെയ്യപ്പെടുന്നുവെന്ന് നിങ്ങള്‍ അറിയണം. ആളുകള്‍ പലതും പറയുന്നുണ്ട്, പക്ഷേ അങ്ങനെയൊന്നുമില്ല. ആ സമയത്ത്, എന്റെ സര്‍ഗ്ഗാത്മകത നഷ്ടപ്പെട്ടുവെന്ന് ഞാന്‍ കരുതി. അവസാനങ്ങള്‍ സന്തോഷകരമാകാം. അധികം ഊഹാപോഹങ്ങള്‍ക്ക് സ്ഥാനമില്ല'
വിടവാങ്ങല്‍ മത്സരം ലഭിക്കാത്തതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
'വിടവാങ്ങല്‍ മത്സരം നടത്തുന്നതില്‍ പ്രധാനപ്പെട്ടതായി ഞാന്‍ കരുതുന്നില്ല. ഞാന്‍ ഒരു വിടവാങ്ങല്‍ ടെസ്റ്റ് നേടിയെന്ന് കരുതുക, പക്ഷേ ടീമില്‍ ഒരു സ്ഥാനത്തിന് ഞാന്‍ അര്‍ഹനല്ലെങ്കില്‍, എനിക്ക് സന്തോഷമുണ്ടാകില്ല' അശ്വിന്‍ പറഞ്ഞു.
106 ടെസ്റ്റുകളില്‍ നിന്ന് 537 വിക്കറ്റുകള്‍ നേടിയാണ് അശ്വിന്‍ കളി മതിയാക്കിയത്. എല്ലാ ഫോര്‍മാറ്റുകളിലുമായി ഇന്ത്യയുടെ രണ്ടാമത്തെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനാണ് അശ്വിന്‍.