വീണ്ടുമൊരിക്കൽക്കൂടി നിറഞ്ഞാടി മെസി-ഡി മരിയ സഖ്യം, വിരമിക്കൽ തീരുമാനം മാറ്റണമെന്ന് ആരാധകർ
കോപ്പ അമേരിക്കക്ക് മുന്നോടിയായി ഇന്ന് പുലർച്ചെ നടന്ന സൗഹൃദമത്സരത്തിൽ ഗംഭീര വിജയമാണ് അർജന്റീന സ്വന്തമാക്കിയത്. നാലാം മിനുട്ടിൽ തന്നെ ഒരു ഗോളിന് പിന്നിലായ ടീം അതിനു ശേഷം നാല് ഗോളുകൾ നേടിയാണ് മത്സരത്തിൽ വിജയം നേടിയത്. ഇതോടെ കോപ്പ അമേരിക്ക കിരീടം നിലനിർത്തണമെന്ന കാര്യത്തിൽ അർജന്റീനക്ക് വളരെയധികം ആത്മവിശ്വാസമുണ്ട്.
ഇന്നലെ നടന്ന മത്സരത്തിൽ സ്വാഭാവികമായും മെസി മികച്ച പ്രകടനം നടത്തി രണ്ടു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയപ്പോൾ സ്‌ട്രൈക്കർ ലൗടാരോ മാർട്ടിനസും രണ്ടു ഗോളുകൾ നേടി. മറ്റൊരു മികച്ച പ്രകടനം പകരക്കാരനായി ഇറങ്ങിയ ഏഞ്ചൽ ഡി മരിയയുടേതായിരുന്നു. വെറും ഇരുപത്തിയെട്ടു മിനുട്ട് മാത്രം കളത്തിലുണ്ടായിരുന്ന താരം ആരാധകരെ ഞെട്ടിക്കുന്ന പ്രകടനമാണ് നടത്തിയത്.
രണ്ടാം പകുതിയിൽ ഡി മരിയ കളത്തിലിറങ്ങിയതിനു ശേഷം അർജന്റീന ആക്രമണങ്ങൾക്ക് ശക്തി കൂടി. മെസിയുമായി അപാരമായ ഒത്തിണക്കമാണ് ഡി മരിയ കാണിച്ചത്. മുപ്പത്തിയാറു വയസുള്ള തങ്ങൾ രണ്ടു പേർക്കും ലോകത്തിലെ ഏതൊരു പ്രതിരോധത്തെയും തകർക്കാൻ കഴിയുമെന്ന് മെസിയും ഡി മരിയയും വീണ്ടുമൊരിക്കൽ കൂടി വ്യക്തമാക്കി നൽകി.
വെറ്ററൻ താരങ്ങളായ ഇരുവരും ടീമിലെ യുവതാരങ്ങളെ വെല്ലുന്ന മികവാണ് സമസ്‌ത മേഖലയിലും കാണിച്ചത്. ഇക്വഡോറിനെതിരെ അർജന്റീനയുടെ വിജയഗോൾ നേടിയത് ഡി മരിയയായിരുന്നു. ഇന്നലത്തെ മത്സരം കഴിഞ്ഞതോടെ ഡി മരിയ കോപ്പ അമേരിക്കക്ക് ശേഷം വിരമിക്കാൻ പോവുകയാണെന്ന തീരുമാനം പിൻവലിക്കണമെന്ന ആവശ്യം ആരാധകർ പ്രകടിപ്പിക്കുന്നുണ്ട്.