രോഷം ഞങ്ങളുടെ മേല്‍ തീര്‍ക്കുമോ, കിവീസിനെതിരെ ഇന്ത്യയുടെ തോല്‍വി ഭയപ്പെടുത്തുന്നുവെന്ന് ഹസില്‍വുഡ്
ന്യൂസിലന്‍ഡിനോട് നാട്ടില്‍ തന്നെ വൈറ്റ്വാഷ് ഏറ്റുവാങ്ങിയ ഇന്ത്യയെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ വിലകുറച്ച് കാണരുതെന്ന് ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡ്. ഈ തോല്‍വി ഇന്ത്യയെ കൂടുതല്‍ ശക്തരാക്കുമെന്നാണ് ഹസില്‍വുഡ് വിലയിരുത്തുന്നത്. മോണിങ് ഹെറാള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടക്കണമെങ്കില്‍ ഇന്ത്യക്ക് ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ മികച്ച വിജയം അനിവാര്യമാണ്. ഈ സമ്മര്‍ദ്ദം ഇന്ത്യയെ കൂടുതല്‍ അപകടകാരികളാക്കുമെന്നും ഹേസല്‍വുഡ് കൂട്ടിച്ചേര്‍ത്തു.
'ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ പരാജയം വഴങ്ങേണ്ടിവന്നത് ഉറങ്ങിക്കിടക്കുന്ന ഭീമനെ തീര്‍ച്ചയായും ഉണര്‍ത്തിയിട്ടുണ്ടാകും. ഇന്ത്യ എങ്ങനെ തിരിച്ചടിക്കുമെന്ന് കണ്ടു തന്നെ അറിയാം', ഹേസല്‍വുഡ് പറഞ്ഞു. 'ഇന്ത്യയ്ക്കെതിരെ 3-0ത്തിന് ടെസ്റ്റ് പരമ്പര വിജയിക്കുക എന്നത് വലിയ കാര്യമാണ്. ആ തോല്‍വി ഇന്ത്യയുടെ ആത്മവിശ്വാസത്തെ തീര്‍ച്ചയായും ഉണര്‍ത്തിയിട്ടുണ്ടാകും. ഓസ്ട്രേലിയയില്‍ ആദ്യമായി കളിക്കുന്ന ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഉണ്ട്. അവരില്‍ നിന്ന് പ്രതീക്ഷയ്ക്കപ്പുറമുള്ള പ്രകടനം കാണാം', ഹേസല്‍വുഡ് കൂട്ടിച്ചേര്‍ത്തു.
24 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ സ്വന്തം നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ വൈറ്റ്വാഷ് ഏറ്റുവാങ്ങുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടക്കണമെങ്കില്‍ ഇന്ത്യക്ക് നവംബര്‍ 22 ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര നിര്‍ണായകമാണ്.