വിരമിച്ചതിന് പിന്നാലെ കോള്‍ ലോഗ് പങ്കുവെച്ച് അശ്വിന്‍, വിളിച്ചവരില്‍ ആ രണ്ട് പേരും, ആനന്ദത്തിന് ഇനി എന്ത് വേണം
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ വിരമിച്ചതോടെ തന്റെ ഫോണിലെ മിസ്ഡ് കോള്‍ ലിസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് ആര്‍ അശ്വിന്‍. അശ്വിന്റെ പിതാവ് രവിചന്ദ്രന്‍ രണ്ട് തവണ വിളിച്ചപ്പോള്‍, ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറും കപില്‍ ദേവും വിളിച്ചതായി സ്‌ക്രീന്‍ഷോട്ടില്‍ കാണാം.
'25 വര്‍ഷം മുമ്പ് ആരെങ്കിലും എനിക്കൊരു സ്മാര്‍ട്ട് ഫോണുണ്ടാകുമെന്നും ഇന്ത്യന്‍ ക്രിക്കറ്റ് താരമെന്ന നിലയില്‍ എന്റെ കരിയറിന്റെ അവസാന ദിവസത്തെ കോള്‍ ലോഗ് ഇങ്ങനെ ആയിരിക്കുമെന്നും പറഞ്ഞിരുന്നെങ്കില്‍ എനിക്ക് ഹൃദയാഘാതം വരുമായിരുന്നു', എന്നാണ് അശ്വിന്‍ സ്‌ക്രീന്‍ഷോട്ടിനൊപ്പം കുറിച്ചത്.
അശ്വിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എക്‌സ് പോസ്റ്റിലൂടെ ആശംസകള്‍ നേര്‍ന്നിരുന്നു.
'കാരം ബോളിന് പെര്‍ഫെക്ഷന്‍ നല്‍കുന്നത് മുതല്‍ ബാറ്റിംഗില്‍ നിര്‍ണായക റണ്‍സ് സംഭാവന ചെയ്യുന്നത് വരെ താങ്കള്‍ വിജയിക്കാനുള്ള മാര്‍ഗങ്ങള്‍ എപ്പോഴും തുറന്നെടുത്തു. ഭാവി വാഗ്ദാനത്തില്‍ നിന്ന് ഇന്ത്യയുടെ ഏറ്റവും മികച്ച മാച്ച് വിന്നറായുള്ള താങ്കളുടെ വളര്‍ച്ച അതിശയകരമായിരുന്നു', എന്നാണ് സച്ചിന്‍ കുറിച്ചത്.
ഓസ്‌ട്രേലിയക്കെതിരായ ബ്രിസ്‌ബേന്‍ ടെസ്റ്റ് സമനിലയായതിന് പിന്നാലെയാണ് അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിരമിച്ച അശ്വിന് ഉചിതമായ യാത്രയയപ്പ് അല്ല നല്‍കിയതെന്ന് കപില്‍ ദേവ് അഭിപ്രായപ്പെട്ടിരുന്നു.