ഒടുവില്‍ അത് സംഭവിക്കുന്നു, ഐപിഎല്‍ കളിക്കാന്‍ പാക് സൂപ്പര്‍ താരത്തിന് അവസരമൊരുങ്ങുന്നു
പാകിസ്ഥാന്‍ പേസര്‍ മുഹമ്മദ് ആമിര്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐ.പി.എല്‍) കളിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 2026 സീസണില്‍ തനിക്ക് ഐ.പി.എല്ലില്‍ കളിക്കാന്‍ അവസരം ലഭിക്കുമെന്നും അതിനായി കാത്തിരിക്കുകയാണെന്നും ആമിര്‍ പറഞ്ഞു. 'ഹാര്‍ന മനാ ഹേ' എന്ന ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുകെ പൗരത്വം വഴി ഐ.പി.എല്‍ പ്രവേശം
ആമിറിന്റെ ഭാര്യ നര്‍ജിസ് യുകെ പൗരത്വമുള്ള വ്യക്തിയാണ്. അതിനാല്‍, ആമിറിനും യുകെ പാസ്‌പോര്‍ട്ട് ലഭിക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍, അദ്ദേഹത്തിന് ഐ.പി.എല്ലില്‍ കളിക്കാനുള്ള വാതില്‍ തുറക്കും. 'അടുത്ത വര്‍ഷം എനിക്ക് അവസരം ലഭിച്ചാല്‍, തീര്‍ച്ചയായും ഐ.പി.എല്ലില്‍ കളിക്കും,' ആമിര്‍ പറഞ്ഞു.
പാകിസ്ഥാനില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍
ഐ.പി.എല്ലില്‍ കളിച്ചാല്‍ പാകിസ്ഥാനില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ആമിര്‍ പ്രതികരിച്ചു. 'പാകിസ്ഥാനിലെ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഐ.പി.എല്ലില്‍ കളിക്കാന്‍ വിലക്കുണ്ടായിരുന്നു. എന്നാല്‍, നമ്മുടെ മുന്‍ ക്രിക്കറ്റ് താരങ്ങള്‍ കമന്ററിയും ഫ്രാഞ്ചൈസികളുടെ പരിശീലകരുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു. വസിം അക്രം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ (കെ.കെ.ആര്‍) പരിശീലകനും റമീസ് രാജ കമന്റേറ്ററുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
വിരാട് കോഹ്ലിയോടുള്ള ആദരവ്
ഇന്ത്യന്‍ താരം വിരാട് കോഹ്ലിയോടുള്ള തന്റെ ആദരവും ആമിര്‍ പ്രകടിപ്പിച്ചു. 2016-ല്‍ കൊല്‍ക്കത്തയില്‍ നടന്ന ട്വന്റി-20 ലോകകപ്പ് മത്സരത്തിന് മുന്‍പ് കോഹ്ലി തനിക്ക് ഒരു ബാറ്റ് സമ്മാനിച്ച സംഭവം അദ്ദേഹം ഓര്‍ത്തെടുത്തു.
'വിരാട് കഴിവുകളെ അംഗീകരിക്കുന്ന വ്യക്തിയാണ്. അദ്ദേഹം എനിക്ക് ബാറ്റ് സമ്മാനിച്ചപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി. അദ്ദേഹത്തിന്റെ ബാറ്റിംഗ് ഞാന്‍ എപ്പോഴും ഇഷ്ടപ്പെടുന്നു. അദ്ദേഹത്തിന് എന്റെ ബൗളിംഗിനോടും മതിപ്പുണ്ട്. ആ ബാറ്റ് ഉപയോഗിച്ച് ഞാന്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്,' ആമിര്‍ പറഞ്ഞു.
ആര്‍.സി.ബി.യില്‍ കളിക്കാനുള്ള ആഗ്രഹം
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് (ആര്‍.സി.ബി) വേണ്ടി കളിക്കാനാണ് ആമിറിന് ആഗ്രഹം. അഹമ്മദ് ഷെഹ്സാദ്, ആമിറിന് ആര്‍.സി.ബിയുടെ ഭാഗ്യം മാറ്റാനും അവര്‍ക്ക് ആദ്യ ഐ.പി.എല്‍ കിരീടം നേടിക്കൊടുക്കാനും സാധിക്കുമെന്ന് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു