സമ്പൂര്‍ണ്ണ വിജയവുമായി ഞെട്ടിച്ച് പാകിസ്ഥാന്‍, റാങ്കിംഗില്‍ ഐതിഹാസിക കുതിപ്പുമായി 'പുതിയൊരു കണ്ടെത്തല്‍'
ബംഗ്ലാദേശിനെതിരായ ടി20 പരമ്പര തൂത്തുവാരി പാകിസ്ഥാന്റെ തിരിച്ചുവരവ്. സ്വന്തം നാട്ടില്‍ നടന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയാണ് പാകിസ്ഥാന്‍ 3-0 ന് സ്വന്തമാക്കിയത്. പാകിസ്ഥാന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് യുവതാരം മുഹമ്മദ് ഹാരിസായിരുന്നു. അവസാന മത്സരത്തിലെ തകര്‍പ്പന്‍ സെഞ്ച്വറിയടക്കം പരമ്പരയിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഹാരിസ് പ്ലെയര്‍ ഓഫ് ദ സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു.
ഈ മിന്നും പ്രകടനത്തോടെ ഐസിസി പുരുഷ ടി20 ബാറ്റ്സ്മാന്‍മാരുടെ റാങ്കിംഗില്‍ ഹാരിസ് 210 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 30-ാം റാങ്കിലേക്ക് കുതിച്ചെത്തി.
ഹാരിസിന്റെ തകര്‍പ്പന്‍ പ്രകടനം
പരമ്പരയിലെ അവസാന ടി20 മത്സരത്തില്‍ വെറും 46 പന്തുകളില്‍ നിന്ന് പുറത്താകാതെ 107 റണ്‍സാണ് ഹാരിസ് അടിച്ചുകൂട്ടിയത്. നേരത്തെയുള്ള മത്സരങ്ങളില്‍ 41, 31 എന്നിങ്ങനെ റണ്‍സ് നേടിയ ഹാരിസ്, പരമ്പരയില്‍ 201.12 സ്ട്രൈക്ക് റേറ്റില്‍ 167 റണ്‍സുമായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി.
സഹതാരം ഹസന്‍ നവാസും ബാറ്റിംഗില്‍ തിളങ്ങി. 121 റണ്‍സുമായി പരമ്പരയില്‍ റണ്‍വേട്ടയില്‍ രണ്ടാമതെത്തിയ നവാസ് 198.36 സ്ട്രൈക്ക് റേറ്റാണ് നിലനിര്‍ത്തിയത്. ഈ പ്രകടനത്തോടെ റാങ്കിംഗില്‍ 57 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി കരിയറിലെ മികച്ച റാങ്കായ 45-ല്‍ എത്തി.
ബംഗ്ലാദേശിന്റെ തന്‍സിദ് ഹസന്‍ (28 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 53-ാം റാങ്കില്‍), പാകിസ്ഥാന്‍ നായകന്‍ സല്‍മാന്‍ അലി ആഗ (42 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 75-ാം റാങ്കില്‍) എന്നിവരും ബാറ്റ്സ്മാന്‍മാരുടെ റാങ്കിംഗില്‍ മികച്ച മുന്നേറ്റം നടത്തി.
ഉയര്‍ന്ന സ്‌കോറിംഗ് കണ്ട മൂന്നാം ടി20യില്‍, 26 റണ്‍സിന് 2 വിക്കറ്റ് വീഴ്ത്തിയ അബ്ബാസ് അഫ്രീദിയുടെ പ്രകടനം ശ്രദ്ധേയമായി. ഇതോടെ ഐസിസി ടി20 ബൗളര്‍മാരുടെ റാങ്കിംഗില്‍ 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അബ്ബാസ് ആന്റിച്ച് നോര്‍ക്കിയ, ഹാരിസ് റൗഫ് എന്നിവര്‍ക്കൊപ്പം 19-ാം സ്ഥാനത്തെത്തി. പാകിസ്ഥാന്റെ ഓള്‍റൗണ്ടര്‍ ഷദാബ് ഖാന്‍ രണ്ട് ഇന്നിംഗ്സുകളില്‍ നിന്നായി 55 റണ്‍സും പരമ്പരയിലുടനീളം നാല് വിക്കറ്റുകളും നേടി. ഈ പ്രകടനത്തോടെ ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ 10 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഷാദാബ് 14-ാം റാങ്കിലെത്തി.
വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് സമ്പൂര്‍ണ്ണ ഏകദിന പരമ്പര
മറ്റൊരു പ്രധാന പരമ്പരയില്‍, സ്വന്തം നാട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ഏകദിന പരമ്പര ഇംഗ്ലണ്ട് 3-0 ന് തൂത്തുവാരി. പുതിയ നായകന്‍ ഹാരി ബ്രൂക്കിന്റെ കീഴില്‍ ഇംഗ്ലണ്ടിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത് പരിചയസമ്പന്നനായ ജോ റൂട്ടായിരുന്നു. ഒരു സെഞ്ച്വറിയും ഒരു അര്‍ദ്ധ സെഞ്ച്വറിയുമടക്കം 267 റണ്‍സ് നേടിയ റൂട്ട് പ്ലെയര്‍ ഓഫ് ദ സീരീസായി തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ഐസിസി ഏകദിന ബാറ്റ്സ്മാന്‍മാരുടെ റാങ്കിംഗില്‍ 14 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 24-ാം സ്ഥാനത്തെത്തി.
റൂട്ടിന്റെ രക്ഷാപ്രവര്‍ത്തനം
രണ്ടാം ഏകദിനത്തില്‍ 309 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 24-ാം ഓവറില്‍ 133/5 എന്ന നിലയില്‍ തകര്‍ന്നപ്പോള്‍, 139 പന്തുകളില്‍ നിന്ന് പുറത്താകാതെ 166 റണ്‍സ് നേടിയ റൂട്ടിന്റെ കരിയറിലെ മികച്ച ഇന്നിംഗ്സാണ് ഇംഗ്ലണ്ടിന് അവിസ്മരണീയ ജയം സമ്മാനിച്ചത്.
ബെന്‍ ഡക്കറ്റും ഏകദിനത്തില്‍ മികച്ച ഫോം തുടര്‍ന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ഡക്കറ്റ്, ചാമ്പ്യന്‍സ് ട്രോഫി 2025ലെ ഫോം ആവര്‍ത്തിച്ചു. ഇതോടെ റാങ്കിംഗില്‍ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 17-ാം സ്ഥാനത്തെത്തി. പുതിയ നായകന്‍ ഹാരി ബ്രൂക്കും പരമ്പര വിജയത്തില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കി. 58, 47, പുറത്താകാതെ 26 എന്നിങ്ങനെയായിരുന്നു ബ്രൂക്കിന്റെ സ്‌കോറുകള്‍. 111.96 സ്ട്രൈക്ക് റേറ്റില്‍ കളിച്ച ബ്രൂക്ക് റാങ്കിംഗില്‍ 15 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 48-ാം സ്ഥാനത്തെത്തി.
പരാജയപ്പെട്ടെങ്കിലും വെസ്റ്റിന്‍ഡീസിനായി കീസി കാര്‍ട്ടി തിളങ്ങി. മൂന്ന് കളികളില്‍ നിന്ന് 154 റണ്‍സുമായി പരമ്പരയിലെ രണ്ടാമത്തെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായി കാര്‍ട്ടി. യൂറോപ്യന്‍ പര്യടനത്തില്‍ അയര്‍ലന്‍ഡിനെതിരെ രണ്ട് സെഞ്ച്വറികള്‍ നേടിയ കാര്‍ട്ടി, ഇംഗ്ലണ്ടിനെതിരായ രണ്ടാം മത്സരത്തില്‍ തന്റെ നാലാം ഏകദിന സെഞ്ച്വറി കുറിച്ചു. 28 കാരനായ കാര്‍ട്ടി ബാറ്റിംഗ് റാങ്കിംഗില്‍ നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 659 റേറ്റിംഗുമായി 12-ാം സ്ഥാനത്തെത്തി. സഹ വെസ്റ്റിന്ത്യന്‍ താരം ഷായ് ഹോപ്പിന് (660) തൊട്ടുപിന്നിലും പത്താം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സദ്രാനില്‍ (676) നിന്ന് 17 പോയിന്റ് പിന്നിലുമാണ് കാര്‍ട്ടി.
ഐസിസി പുരുഷ ഏകദിന ബൗളിംഗ് റാങ്കിംഗില്‍, ഒമ്പത് വിക്കറ്റുകളുമായി പരമ്പരയിലെ മുന്‍നിര വിക്കറ്റ് വേട്ടക്കാരനായ ആദില്‍ റഷീദ് നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 19-ാം സ്ഥാനത്തെത്തി. എട്ട് വിക്കറ്റ് വീഴ്ത്തിയ സാഖിബ് മഹ്മൂദ് 82 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 48-ാം റാങ്കിലേക്ക് കുതിച്ചു. വെസ്റ്റ് ഇന്‍ഡീസ് പേസര്‍ അല്‍സാരി ജോസഫ് പരമ്പരയില്‍ ഏഴ് വിക്കറ്റ് വീഴ്ത്തി ഏകദിന ബൗളിംഗ് റാങ്കിംഗില്‍ ഒമ്പത് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 18-ാം സ്ഥാനത്തെത്തി. അവസാന ഏകദിനത്തിലെ 41 റണ്‍സിന്റെ മികച്ച പ്രകടനം ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ആറ് സ്ഥാനങ്ങള്‍ ഉയര്‍ത്തി 21-ാം സ്ഥാനത്തെത്താനും ജോസഫിനെ സഹായിച്ചു.