കീപ്പിംഗ്, റിസ്വാനെ കളിയാക്കി ഇഷാന്‍ കിഷന്‍
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇഷാന്‍ കിഷനും മുന്‍ അന്താരാഷ്ട്ര അമ്പയര്‍ അനില്‍ ചൗധരിയും തമ്മിലുള്ള രസകരമായ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. വിക്കറ്റ് കീപ്പര്‍ റോളില്‍ നില്‍ക്കുമ്പോള്‍ അപ്പീല്‍ ചെയ്യുന്നതിലെ ഇഷാന്‍ കിഷന്റെ പക്വതയെ ചൗധരി പ്രശംസിച്ചപ്പോഴാണ് ഇന്ത്യന്‍ താരം രസകരമായ വെളിപ്പെടുത്തല്‍ നടത്തിയത്.
തന്റെ പക്വതയുടെ കാരണം വിശദീകരിക്കുന്നതിനിടെ, അമിതമായി അപ്പീല്‍ ചെയ്യുന്ന പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനെ കിഷന്‍ കളിയാക്കി.
'എന്റെ അമ്പയറിംഗില്‍ നിങ്ങള്‍ ഒരുപാട് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. നിങ്ങള്‍ ഇപ്പോള്‍ വളര്‍ന്നു. ആവശ്യമുള്ളപ്പോള്‍ മാത്രം അപ്പീല്‍ ചെയ്യുന്നു. മുന്‍പ് നിങ്ങള്‍ ഒരുപാട് അപ്പീല്‍ ചെയ്യുമായിരുന്നു. ഈ മാറ്റം എങ്ങനെ സംഭവിച്ചു?' ചൗധരി ചോദിച്ചു.
'അമ്പയര്‍മാര്‍ സ്മാര്‍ട്ട് ആയെന്ന് എനിക്ക് തോന്നുന്നു. എല്ലാ തവണയും അപ്പീല്‍ ചെയ്താല്‍ അവര്‍ ഔട്ട് ആയതിനെ പോലും നോട്ട് ഔട്ട് നല്‍കും. അതുകൊണ്ട് ശരിയായ സമയത്ത് മാത്രം അപ്പീല്‍ ചെയ്താല്‍ മതി. അപ്പോള്‍ നിങ്ങള്‍ക്കും (അമ്പയര്‍മാര്‍ക്കും) ആത്മവിശ്വാസം ഉണ്ടാകും. അല്ലെങ്കില്‍ റിസ്വാനെപ്പോലെ എന്തെങ്കിലും ചെയ്താല്‍ നിങ്ങള്‍ ഒരിക്കല്‍ പോലും ഔട്ട് നല്‍കില്ല,' കിഷന്‍ പറഞ്ഞു.
അമ്പയറിംഗിനെക്കുറിച്ച് തന്റെ കാഴ്ച്ചപ്പാട് വിശദീകരിക്കാനും ഇഷാന്‍ കിഷന്‍ മറന്നില്ല.
'സത്യം പറഞ്ഞാല്‍, ചില അമ്പയര്‍മാര്‍ മത്സരങ്ങള്‍ നിയന്ത്രിക്കുന്നത് കാണുമ്പോള്‍ ഞങ്ങള്‍ സന്തോഷിക്കുന്നുണ്ട്. എന്നിരുന്നാലും, മെച്ചപ്പെടാന്‍ എപ്പോഴും സാധ്യതയുണ്ട്. പുതിയ അമ്പയര്‍മാര്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ കൂടുതല്‍ ആത്മവിശ്വാസം കാണിക്കണം. അവര്‍ അനന്തരഫലങ്ങളെക്കുറിച്ച് അമിതമായി ചിന്തിക്കരുത്. ഒരു ബാറ്റര്‍ ഔട്ടാണെന്ന് തോന്നിയാല്‍, അപ്പീലുകളോ മറ്റ് ഘടകങ്ങളോ സ്വാധീനിക്കാതെ അവര്‍ തീരുമാനം എടുക്കണം' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.