ഷമിയെ ഒപ്പം കൂട്ടാത്തത് നൂറ്റാണ്ടിന്റെ മണ്ടത്തരമായി, ടീം ഇന്ത്യയ്‌ക്കെതിരെ ആഞ്ഞടിച്ച് ശാസ്ത്രിയും പോണ്ടിങ്ങും
സിഡ്‌നി: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയുടെ പരാജയത്തിന് മുഹമ്മദ് ഷമിയുടെ അഭാവം നിര്‍ണായകമായെന്ന് വിലയിരുത്തി മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ്ങും. പരമ്പരയുടെ രണ്ടാം പകുതിയില്‍ ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നുവെന്നാമ് ഇരുവരും അഭിപ്രായപ്പെട്ടത്.
പരിക്കില്‍ നിന്ന് മുക്തി നേടിയ ഷമി ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാല്‍ മുട്ടിന് നീര് വന്നതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോയില്ല.
'ഷമിയുടെ പരിക്കിനെക്കുറിച്ചുള്ള വാര്‍ത്തകളില്‍ ഞാന്‍ അത്ഭുതപ്പെട്ടു. അദ്ദേഹത്തിന്റെ റിഹാബിറ്റേഷന്‍ എങ്ങനെ പുരോഗമിക്കുന്നു എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ പുറത്തുവന്നില്ല. ഷമിയെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരണമായിരുന്നു,' ശാസ്ത്രി പറഞ്ഞു.
'ഷമിക്ക് പരമ്പരയില്‍ വ്യത്യാസമുണ്ടാക്കാന്‍ കഴിയുമായിരുന്നു. കുറഞ്ഞത് ടീമിനൊപ്പം ഓസ്‌ട്രേലിയയില്‍ യാത്ര ചെയ്യിക്കണമായിരുന്നു' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഷമിയുടെ അനുഭവം ജസ്പ്രീത് ബുംറയ്ക്ക് വലിയ പിന്തുണയാകുമായിരുന്നു. പരിക്കിനെ തുടര്‍ന്ന് ബുംറയ്ക്ക് സിഡ്‌നി ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ബൗള്‍ ചെയ്യാന്‍ കഴിഞ്ഞില്ല' ശാസ്ത്രി ചൂണ്ടിക്കാട്ടി. ശാസ്ത്രിയുടെ അഭിപ്രായത്തെ റിക്കി പോണ്ടിംഗും പിന്താങ്ങി.
'ഷമിയെ പരമ്പരയുടെ പകുതിയിലെങ്കിലും ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരാത്തതില്‍ ഞാന്‍ അത്ഭുതപ്പെട്ടു. പൂര്‍ണ്ണമായും ഫിറ്റ് അല്ലെങ്കില്‍ പോലും, ഒരു ദിവസം കുറച്ച് ഓവറുകള്‍ മാത്രം ബൗള്‍ ചെയ്യേണ്ടി വന്നാലും, ബാക്കപ്പ് സീം ബൗളിംഗ് ഓപ്ഷനായി ഷമിക്ക് നിര്‍ണ്ണായകമായ വ്യത്യാസം സൃഷ്ടിക്കാന്‍ കഴിയുമായിരുന്നു' പോണ്ടിംഗ് പറഞ്ഞു.
'ഷമി, ബുംറ, സിറാജ് എന്നിവര്‍ ഇന്ത്യയുടെ ആദ്യ ഇലവനില്‍ ഉണ്ടായിരുന്നെങ്കില്‍ ഫലം തികച്ചും വ്യത്യസ്തമാകുമായിരുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷമി നിലവില്‍ വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കുന്നുണ്ട്. ഫെബ്രുവരിയില്‍ നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പരയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.