ഷമിയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്, അക്ഷരാര്‍ത്ഥത്തില്‍ തീതുപ്പി, ഇന്ത്യയ്ക്ക് സന്തോഷ വാര്‍ത്ത
രഞ്ജി ട്രോഫിയില്‍ ബംഗാളിനായി തകര്‍പ്പന്‍ പ്രകടനവുമായി വെറ്ററന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി. ഒരു വര്‍ഷത്തിനു ശേഷമുള്ള ആദ്യ മത്സരത്തില്‍ മധ്യപ്രദേശിനെതിരെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബംഗാളിനു വേണ്ടി ഷമി നാല് വിക്കറ്റുകള്‍ വീഴ്ത്തി.
ഇന്‍ഡോറില്‍ നടന്ന മത്സരത്തിന്റെ ആദ്യ ദിനം വിക്കറ്റൊന്നും നേടാനായില്ലെങ്കിലും, രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് മുമ്പ് ഷമി നാല് വിക്കറ്റുകള്‍ വീഴ്ത്തി ഫോമിലേക്ക് തിരിച്ചെത്തി. 10 മെയ്ഡന്‍ ഓവറുകള്‍ ഉള്‍പ്പെടെ 54 റണ്‍സ് വഴങ്ങിയാണ് ഷമി നാല് വിക്കറ്റുകള്‍ നേടിയത്. മധ്യപ്രദേശിനെ 167 റണ്‍സിന് പുറത്താക്കാന്‍ ഷമിയുടെ പ്രകടനം ബംഗാളിനെ സഹായിച്ചു.
മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയിലേക്ക് തിരിച്ചെത്താനുള്ള പ്രതീക്ഷകള്‍ വര്‍ധിച്ചു. ത്സരത്തില്‍ ഇതുവരെ മറ്റേതൊരു ബൗളറെക്കാളും കൂടുതല്‍ ഓവറുകള്‍ (19) ഷമി എറിഞ്ഞു എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലേക്ക് തിരിച്ചെത്തുന്നതിന് മുന്നോടിയായി ഷമി ദീര്‍ഘനേരം ബൗള്‍ ചെയ്യാന്‍ തയ്യാറാണെന്നും ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ടെന്നും ഇത് സൂചിപ്പിക്കുന്നു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന ഏകദിന ലോകകപ്പ് ഫൈനലില്‍ കണങ്കാലിന് പരിക്കേറ്റ ഷമി, കഴിഞ്ഞ മാസം ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) പുനരധിവാസത്തിനിടെ ഷമിയുടെ കാല്‍മുട്ടില്‍ നീര് വന്നു. പിന്നീട് വാരിയെല്ലിന് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ വന്നു, ഇത് അദ്ദേഹത്തിന്റെ അന്താരാഷ്ട്ര തിരിച്ചുവരവ് വീണ്ടും വൈകിപ്പിച്ചു. ബോര്‍ഡര്‍-ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ ഷമിയെ ഉള്‍പ്പെടുത്തിയിരുന്നില്ല.
എന്നിരുന്നാലും, മധ്യപ്രദേശിനെതിരായ രഞ്ജി മത്സരത്തില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ഷമി പെര്‍ത്തിലേക്ക് പറക്കാന്‍ സാധ്യതയുണ്ട്. നവംബര്‍ 22 ന് പെര്‍ത്തില്‍ വെച്ചാണ് ഓസ്ട്രേലിയ പരമ്പരയിലെ ആദ്യ ടെസ്റ്റ് നടക്കുന്നത്.
മധ്യപ്രദേശിനെതിരായ മത്സരത്തിന് ശേഷം ഷമിയെ പെര്‍ത്തിലേക്ക് കൊണ്ടുപോകുമോ അതോ നവംബര്‍ 23 ന് ചണ്ഡീഗഡില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ കളിപ്പിക്കുമോ എന്ന് കണ്ടറിയണം.