ഞെട്ടിക്കുന്ന ഷമി വെടിക്കെട്ട്, ടി20യിലെ തന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ പിറന്നു
സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ തകര്‍പ്പന്‍ ബാറ്റിംഗ് വെടിക്കെട്ടുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. തിങ്കളാഴ്ച ബെംഗളൂരുവില്‍ ചണ്ഡീഗഡിനെതിരായ സയ്യിദ് മുഷ്താഖ് അലി ട്രോഫി പ്രീക്വാര്‍ട്ടറില്‍ ബംഗാളിനു വേണ്ടി ഷമി തന്റെ ഏറ്റവും ഉയര്‍ന്ന ടി20 സ്‌കോര്‍ നേടി.
പത്താം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ ഷമി 17 പന്തില്‍ നിന്ന് പുറത്താകാതെ 32 റണ്‍സ് ആണ് അടിച്ച് കൂട്ടിയത്. മൂന്ന് ഫോറുകളും രണ്ട് സിക്‌സറുകളും സഹിതമായിരുന്നു ഷമിയുടെ വെടിക്കെട്ട്. സന്ദീപ് ശര്‍മ്മ എറിഞ്ഞ അവസാന ഓവറില്‍ ഷമി 18 റണ്‍സ് നേടി, അതില്‍ രണ്ട് സിക്‌സറുകളും ഉള്‍പ്പെടുന്നു.
ഒരു വര്‍ഷത്തിലേറെയായി ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഷമി നിലവില്‍ തിരിച്ചുവരവിന്റെ പാതയിലാണ്. അഡ്ലെയ്ഡില്‍ നടന്ന രണ്ടാം ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റില്‍ ഓസ്ട്രേലിയയോട് 10 വിക്കറ്റിന് തോല്‍വി ഏറ്റുവാങ്ങിയതോടെ ഷമിയെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെടുക്കണമെന്ന മുറവിളിയും ഉയരുന്നുണ്ട്. ഈ വിഷയത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഞായറാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു.
''വാതില്‍ തുറന്നിട്ടുണ്ട്. സയ്യിദ് മുഷ്താഖ് അലിയില്‍ കളിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കാല്‍മുട്ടില്‍ നീര് വന്നതിനാല്‍ ഞങ്ങള്‍ അദ്ദേഹത്തെ നിരീക്ഷിക്കുകയാണ്, ഇത് ഒരു ടെസ്റ്റ് മത്സരത്തിന് തയ്യാറെടുക്കുന്നതിന് തടസ്സമാകുന്നു. അദ്ദേഹത്തിന് വേദനയോ മറ്റെന്തെങ്കിലും സംഭവിക്കുന്ന ഒരു സാഹചര്യത്തില്‍ ഞങ്ങള്‍ക്ക് അദ്ദേഹത്തെ ഇവിടെ കൊണ്ടുവരാന്‍ ആഗ്രഹമില്ല. അദ്ദേഹത്തെക്കുറിച്ച് ഞങ്ങള്‍ക്ക് 100 ശതമാനത്തിലധികം ഉറപ്പുണ്ടായിരിക്കണം, കാരണം അദ്ദേഹം ക്രിക്കറ്റ് കളിക്കാതിരുന്നിട്ട് വളരെക്കാലമായി' രണ്ടാം ടെസ്റ്റിന് ശേഷം രോഹിത് പറഞ്ഞു.