പോയി പണി നോക്കടോ, ഇന്ത്യന്‍ താരത്തിനെതിരെ പൊട്ടിത്തെറിച്ച് മുഹമ്മദ് ഷമി
ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി ഐപിഎല്‍ 2025 മെഗാ ലേലത്തില്‍ വീണ്ടും പങ്കെടുക്കാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ മാസം മെഗാ ലേലത്തിന് മുന്നോടിയായി തന്റെ ടീമായ ഗുജറാത്ത് ടൈറ്റന്‍സ് ഷമിയെ വിട്ടയച്ചിരുന്നു. ഇതോടെ, നവംബര്‍ 24, 25 തീയതികളില്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ നടക്കുന്ന ലേലത്തില്‍ ഷമിക്ക് വിലയിടിവ് നേരിടേണ്ടി വരുമെന്ന് സഞ്ജയ് മഞ്ജരേക്കര്‍ പ്രവചിച്ചു.
പരിക്കുകള്‍ പതിവായി അലട്ടുന്ന ഷമിക്ക് ഒരു മുഴുവന്‍ സീസണും കളിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ടീമുകള്‍ക്ക് ആശങ്കയുണ്ടാകുമെന്നും അതിനാല്‍ വിലയിടിവ് സംഭവിക്കുമെന്നുമാണ് മഞ്ജരേക്കറുടെ അഭിപ്രായം. ദീര്‍ഘകാല പരിക്കിനു ശേഷം ഷമി അടുത്തിടെയാണ് മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്.
'ഷമിയുടെ പരിക്കിന്റെ ചരിത്രം കണക്കിലെടുക്കുമ്പോള്‍ ടീമുകള്‍ക്ക് ആശങ്കയുണ്ടാകും. സീസണിനിടെ പരിക്കേറ്റ് പിന്മാറേണ്ടി വന്നാല്‍ ഫ്രാഞ്ചൈസികള്‍ക്ക് വലിയ നഷ്ടമാകും. ഇക്കാരണത്താല്‍ വിലയിടിവ് സംഭവിക്കാം,' മഞ്ജരേക്കര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.
മുന്‍ ഇന്ത്യന്‍ താരത്തിന്റെ ഈ പ്രവചനം ഷമിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ ഷമി മഞ്ജരേക്കര്‍ക്കെതിരെ രംഗത്തെത്തി. 'ഭാവി അറിയണമെങ്കില്‍ സാറുമായി കൂടിക്കാഴ്ച നടത്തൂ' ഷമി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
ഐപിഎല്‍ 2022-ന് മുന്നോടിയായുള്ള മെഗാ ലേലത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് 6.25 കോടി രൂപയ്ക്ക് ഷമിയെ സ്വന്തമാക്കിയിരുന്നു. ആദ്യ സീസണില്‍ 16 മത്സരങ്ങളില്‍ നിന്ന് 20 വിക്കറ്റുകളാണ് ഷമി നേടിയത്. 2023 സീസണില്‍ 17 മത്സരങ്ങളില്‍ നിന്ന് 28 വിക്കറ്റുകള്‍ നേടി പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കി.
ഐപിഎല്‍ 2025 മെഗാ ലേലത്തില്‍ പങ്കെടുക്കുന്ന 12 മാര്‍ക്യൂ താരങ്ങളില്‍ ഒരാളാണ് ഷമി. ഷമിയെ പോലൊരു വിക്കറ്റ് ടെയ്ക്കറെ ടീമുകള്‍ക്ക് സ്വന്തമാക്കാന്‍ താല്‍പ്പര്യമുണ്ടാകും.