കിവീസിനെതിരെ ഇന്ത്യ തകരുമ്പോള്‍ ഒരു സന്തോഷ വാര്‍ത്ത പുറത്ത്, കേരളത്തിന് ആശ്വാസം
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി ഇന്ത്യന്‍ താരം മുഹമ്മദ് ഷമി കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. രഞ്ജിയില്‍ ബംഗാളിനായി കളിക്കാനാണ് ഷമി തയ്യാറെടുക്കുന്നത്. കഴിഞ്ഞ നവംബറില്‍ നടന്ന ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം മത്സര ക്രിക്കറ്റ് കളിക്കാത്ത മുഹമ്മദ് ഷമിയുടെ കളിക്കളത്തിലേക്കുളള വരവ് ഇന്ത്യന്‍ ക്രിക്കറ്റിന് ആശ്വാസ വാര്‍ത്തയാണ്.
രഞ്ജി ട്രോഫിയില്‍ ബംഗാളിനായി രണ്ട് മത്സരങ്ങള്‍ ഷമി കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബര്‍ 6 ന് ബംഗളൂരുവില്‍ കര്‍ണാടകയ്ക്കെതിരായ മത്സരത്തിന് മുന്നോടിയായി ഷമി ബംഗാള്‍ ടീമില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഇന്‍ഡോറില്‍ മധ്യപ്രദേശിനെതിരായ അടുത്ത മത്സരത്തിലും ഷമി കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
'കേരളത്തിനെതിരായ അടുത്ത മത്സരത്തിന് അദ്ദേഹം ലഭ്യമല്ല, പക്ഷേ കര്‍ണാടകയ്ക്കും മധ്യപ്രദേശിനുമെതിരായ മത്സരങ്ങള്‍ക്ക് ഷമി ഞങ്ങളോടൊപ്പം ചേരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' ബംഗാള്‍ പരിശീലകന്‍ ലക്ഷ്മി രതന്‍ ശുക്ല ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
'അദ്ദേഹം ഇന്ത്യയ്ക്ക് വിലപ്പെട്ട ഒരു കളിക്കാരനാണ്, ഓസ്ട്രേലിയ പരമ്പരയ്ക്ക് അദ്ദേഹത്തിന്റെ സേവനം ആവശ്യമാണ്. ഓസ്ട്രേലിയയിലേക്ക് പോകുന്നതിന് മുമ്പ് ബംഗാളിനായി രണ്ട് രഞ്ജി മത്സരങ്ങള്‍ കളിക്കാന്‍ അദ്ദേഹം എത്രമാത്രം സന്നദ്ധനാണെന്ന് അദ്ദേഹം അടുത്തിടെ സംസാരിച്ചിരുന്നു. രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനം ഓസ്ട്രേലിയ പര്യടനത്തിന് മുന്നോടിയായി അദ്ദേഹത്തിന് ഗുണം ചെയ്യും, ഞങ്ങളുടെ നാല് പ്രധാന കളിക്കാര്‍ ഇന്ത്യയ്ക്കും ഇന്ത്യ എയ്ക്കും വേണ്ടി കളിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഇത് ഒരു വലിയ ഉത്തേജനമായിരിക്കും' ശുക്ല കൂട്ടിച്ചേര്‍ത്തു.
2023ലെ ഏകദിന ലോകകപ്പില്‍ 10.70 ശരാശരിയില്‍ 24 വിക്കറ്റുകള്‍ വീഴ്ത്തിയ ഷമി, ഫെബ്രുവരിയില്‍ ലണ്ടനില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ബംഗ്ലാദേശിനും ന്യൂസിലന്‍ഡിനുമെതിരായ ടെസ്റ്റ് പരമ്പരകള്‍ക്കായി തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, മുട്ടിന് വീക്കം സംഭവിച്ചതിനാല്‍ തിരിച്ചുവരവ് വൈകി.
ബംഗളൂരു ടെസ്റ്റിന് മുന്നോടിയായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പറഞ്ഞത്, ഓസ്ട്രേലിയയില്‍ പൂര്‍ണമായും ഫിറ്റ് അല്ലാത്ത ഷമിയെ കളിപ്പിക്കാന്‍ താല്‍പ്പര്യമില്ലെന്നാണ്. 'ഷമി ഫിറ്റാകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു; അദ്ദേഹം 100 ശതമാനം ഫിറ്റാകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഫിറ്റ് അല്ലാത്ത ഷമിയെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല,' രോഹിത് പറഞ്ഞു.
2018-19 ല്‍ ഓസ്ട്രേലിയയില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര വിജയത്തില്‍ ഷമി നിര്‍ണായക പങ്ക് വഹിച്ചിരുന്നു. നാല് മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. എന്നിരുന്നാലും, 2020-21 ല്‍ ഇന്ത്യ അടുത്തതായി പര്യടനം നടത്തിയപ്പോള്‍ അഡ്ലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ മാത്രമാണ് അദ്ദേഹം കളിച്ചത്. പിന്നീട് പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.