അക്ഷരാര്‍ത്ഥത്തില്‍ കാട്ടുതീ, മിഡില്‍ സ്റ്റംമ്പ് വായുവില്‍ പറന്നു, അയാള്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരുന്നു
പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തനായ മുഹമ്മദ് ഷമി വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്. കഠിന പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്ന ഷമിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പഴയ വേഗത്തിലും താളത്തിലും പന്തെറിയുന്ന ഷമിയെ പുറത്ത് വന്ന വീഡിയോയില്‍ കാണാം.
2023ലെ ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരമാണ് ഷമി. എന്നാല്‍ ലോകകപ്പിന് ശേഷം കാല്‍ക്കുഴയ്‌ക്കേറ്റ പരിക്കും തുടര്‍ന്നുള്ള ശസ്ത്രക്രിയയും ഷമിയെ കളിക്കളത്തില്‍ നിന്ന് അകറ്റി നിര്‍ത്തി.
പരിക്കില്‍ നിന്ന് മോചിതനായ ഷമി ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലേക്ക് ഷമിയെ പരിഗണിച്ചില്ല. കാല്‍മുട്ടിലെ വേദനയാണ് ഷമിയെ ടീമില്‍ നിന്ന് അകറ്റി നിര്‍ത്തിയതെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വിശദീകരിച്ചിരുന്നു.
ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ടീമില്‍ ഷമിയെ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് കഠിന പരിശീലനം നടത്തുന്ന വീഡിയോ ഷമി പങ്കുവെച്ചത്.
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ പ്രധാന ബൗളറായിരുന്ന ജസ്പ്രീത് ബുംറയ്ക്ക് പരിക്കേറ്റതിനാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ബുംറ കളിക്കില്ല. ഈ സാഹചര്യത്തില്‍ ഷമിയുടെ തിരിച്ചുവരവ് ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷ നല്‍കുന്നു.