കാത്തിരിപ്പിന് വിട, ഇന്ത്യന്‍ ടീമിലേക്ക് രക്ഷകന്‍ തിരിച്ചെത്തുന്നു
ഏകദേശം ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. ബുധനാഴ്ച ബംഗാളിനായി രഞ്ജി ട്രോഫിയിലൂടെയാണ് ഷമി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തുന്നത്. മധ്യപ്രദേശിനെതിരായ മത്സരത്തിലാണ് ഷമി ബംഗാള്‍ ടീമിനായി കളിക്കുക.
കണങ്കാല്‍ പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം ശമി കളിക്കളത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) പുനരധിവാസത്തിലായിരുന്നു താരം.
ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പരയില്‍ ഷമി തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മുട്ടിന് നീര് വന്നതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ഓസ്‌ട്രേലിയയിലെ ബോര്‍ഡര്‍-ഗവാസ്‌കര്‍ പരമ്പരയില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടം നേടാനായില്ല. പിന്നീട് കര്‍ണാടകയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള ബംഗാള്‍ ടീമില്‍ ഇടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പേശിവലിവ് കാരണം അദ്ദേഹത്തിന് കളിക്കാനായില്ല.
എന്നാല്‍, ബുധനാഴ്ചത്തെ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് മത്സരക്ഷമത തെളിയിക്കാനായാല്‍ ഷമിക്ക് ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ അവസരമുണ്ട്.
ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ സ്വന്തം നാട്ടില്‍ വൈറ്റ് വാഷ് നേരിട്ട ശേഷം സമ്മര്‍ദ്ദത്തിലായിരിക്കുന്ന ഗംഭീറിനും രോഹിതിനും ഷമിയുടെ തിരിച്ചുവരവ് വലിയ ആശ്വാസമാകും. മുഹമ്മദ് സിറാജ് താളം കണ്ടെത്താന്‍ പാടുപെടുന്ന സാഹചര്യത്തില്‍, ജസ്പ്രീത് ബുംറയ്ക്ക് ഷമി മികച്ച പിന്തുണ നല്‍കും. അകാഷ് ദീപിന് മൂന്നാമത്തെ സീമറുടെ റോള്‍ ഏറ്റെടുക്കാനും കഴിയും.