ഇന്ത്യന്‍ നിരയില്‍ അഭ്യന്തര യുദ്ധവും, സിറാജിനെതിരെ ജഡേജ
ബ്രിസ്ബേനിലെ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസത്തില്‍ ഓസ്‌ട്രേലിയയ്ക്കായി ട്രാവിസ് ഹെഡും സ്റ്റീവ് സ്മിത്തും തിളങ്ങിയപ്പോള്‍, ഇന്ത്യന്‍ നിരയില്‍ പേസര്‍ മുഹമ്മദ് സിറാജ് ആയിരുന്നു ശ്രദ്ധാകേന്ദ്രം, പ്രത്യേകിച്ച് ആദ്യ രണ്ട് സെഷനുകളില്‍. അതിനിടെ സിറാജിന്റെ ഒരു പ്രവൃത്തി ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് നേടിക്കൊടുത്തപ്പോള്‍, മറ്റൊന്ന് രവീന്ദ്ര ജഡേജയുമായി 'ആഭ്യന്തരയുദ്ധത്തിന്' കാരണമായി.
ഉച്ചഭക്ഷണത്തിനു ശേഷമുള്ള സെഷനില്‍ ജഡേജയുടെ ഒരു ഓവറില്‍, ഹെഡ് പന്ത് ഓഫ്സൈഡിലേക്ക് തട്ടിയകറ്റി ഒരു ക്വിക്ക് സിംഗിളിനായി ഓടി. സിറാജ് പന്ത് എടുത്ത് നോണ്‍-സ്‌ട്രൈക്കറുടെ അറ്റത്തേക്ക് അശ്രദ്ധമായി എറിഞ്ഞു, ഹെഡിനെ റണ്‍ ഔട്ട് ചെയ്യാമെന്ന പ്രതീക്ഷയിലായിരുന്നു ആ ഏറ്. എന്നാല്‍ പന്ത് ബാറ്ററുടെ മുകളിലൂടെ പോയി. ഇതോടെ ജഡേജയ്ക്ക് അത് പിടിക്കാന്‍ ചാടേണ്ടിവരുകയും അദ്ദേഹത്തിന്റെ വിരലുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഫീല്‍ഡിലെ സിറാജിന്റെ അനാവശ്യമായ ആക്രമണത്തില്‍ ജഡേജയ്ക്ക് തീരെ സന്തോഷമില്ലായിരുന്നു, വേദനയോടെ കൈ കുലുക്കുമ്പോള്‍ അദ്ദേഹം സിറാജിനെ ശകാരിച്ചു കൊണ്ടിരുന്നു.
ജഡേജ പരിക്കില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും, സിറാജിന്റെ 'ഉത്സാഹം' ഏതാണ്ട് ഒരു ആഭ്യന്തരയുദ്ധത്തിന് കാരണമായെന്ന് മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരം മാര്‍ക്ക് നിക്കോളാസ് വിലയിരുത്തിയത്.
അതെസമയം രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 405 റണ്‍സ് എന്ന നിലയിലാണ്. 45 റണ്‍സുമായി അലക്‌സ് ക്യാരിയും ഏഴ് റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ക്രീസില്‍. ഓസീസ് ട്രാവിസ് ഹെഡിന്റെയും സ്റ്റീവ് സ്മിത്തിന്റെയും സെഞ്ചുറികളുടെ പിന്‍ബലത്തില്‍ ആണ്് കൂറ്റന്‍ സ്‌കോറിലെത്തിയത്.
ഇന്ത്യയ്ക്കായി ബുമ്ര 72 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തു. മുഹമ്മദ് സിറാജും നിതീഷ് കുമാര്‍റെസ്സിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആകാശ് ദീപിനും രവീന്ദ്ര ജഡേജയ്ക്കും വിക്കറ്റൊന്നും നേടാനായില്ല.