ഇനി പേസര്‍ സിറാജല്ല, ഡിഎസ്പി സിറാജ്, ഇന്ത്യന്‍ താരത്തെ പോലീസിലെടുത്തു
ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ് ഇനി പൊലീസ് ഓഫീസര്‍. ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ആയി അദ്ദേഹം വെള്ളിയാഴ്ച തെലങ്കാനയില്‍ ചുമതലയേറ്റു.
തെലങ്കാന ഡിജിപി ഓഫീസിലെത്തിയാണ് സിറാജ് ചാര്‍ജ് ഏറ്റെടുത്തത്. എം.പി.മാരായ അനില്‍ കുമാര്‍ യാദവും മുഹമ്മദ് ഫഹീമുദ്ദീന്‍ ഖുറേഷിയും ചടങ്ങില്‍ സന്നിഹിതരായിരുന്നു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നേരത്തെ നല്‍കിയ വാഗ്ദാനമാണ് ഇതോടെ പൂര്‍ത്തീകരിച്ചത്. സിറാജിന് ഗ്രൂപ്പ്-1 തസ്തിക നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
ഹൈദരാബാദ് സ്വദേശിയായ സിറാജ്, മുഖ്യമന്ത്രിക്കും സര്‍ക്കാരിനും നന്ദി അറിയിച്ചു. ക്രിക്കറ്റിലെ നേട്ടങ്ങളും സംസ്ഥാനത്തോടുള്ള സ്‌നേഹവും പരിഗണിച്ചാണ് ഈ പദവി നല്‍കുന്നതെന്ന് പോലീസ് എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി. പുതിയ റോളില്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്നും സിറാജ് തന്റെ ക്രിക്കറ്റ് ജീവിതം തുടരുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം വിശ്രമത്തിലാണ് സിറാജ്. ടി20 പരമ്പരയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. അടുത്തതായി ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് സിറാജ് കളിക്കുക.
എന്നാല്‍, ന്യൂസിലന്‍ഡിനെതിരെ മുഹമ്മദ് ഷമി തിരിച്ചെത്തിയാല്‍ സിറാജിന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നഷ്ടമായേക്കുമെന്ന സൂചനകളുണ്ട്. ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍മാരെ വെള്ളം കുടിപ്പിക്കാന്‍ കഴിവുള്ള ആകാശ് ദീപ് ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അതിനാല്‍ ന്യൂസിലന്‍ഡിനെതിരെയും ഓസ്‌ട്രേലിയയിലും ആകാശ് ദീപ് മൂന്നാം പേസറുടെ റോളിലേക്ക് എത്തിയാലും അത്ഭുതപ്പെടാനില്ല.