For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

എന്റെ സ്വപ്‌നത്തിനായി മൂന്ന് മണിക്കൂര്‍ മാത്രമാണ് അമ്മ ഉറങ്ങാറ്, മാതാപിതാക്കളുടെ കഠിനാധ്വാനം വെളിപ്പെടുത്തി വൈഭവ്

12:00 PM Apr 29, 2025 IST | Fahad Abdul Khader
Updated At - 12:00 PM Apr 29, 2025 IST
എന്റെ സ്വപ്‌നത്തിനായി മൂന്ന് മണിക്കൂര്‍ മാത്രമാണ് അമ്മ ഉറങ്ങാറ്  മാതാപിതാക്കളുടെ കഠിനാധ്വാനം വെളിപ്പെടുത്തി വൈഭവ്

തന്റെ ക്രിക്കറ്റ് സ്വപ്നങ്ങള്‍ക്ക് പിന്നില്‍ മാതാപിതാക്കള്‍ സഹിച്ച കഷ്ടപ്പാടുകളെക്കുറിച്ച് ഹൃദയസ്പര്‍ശിയായ വാക്കുകളുമായി യുവ താരം വൈഭവ് സൂര്യവംശി. രാജസ്ഥാന്‍ റോയല്‍സിന്റെ ഈ കൗമാര വിസ്മയം, ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തകര്‍പ്പന്‍ സെഞ്ചുറി നേടിയതിന് പിന്നാലെയാണ് തന്റെ വളര്‍ച്ചയില്‍ മാതാപിതാക്കളുടെ പങ്ക് എത്രത്തോളമുണ്ടെന്ന് വെളിപ്പെടുത്തിയത്.

14 വയസ്സുകാരനായ വൈഭവ്, ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗതയേറിയ സെഞ്ചുറി കുറിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു. പരിശീലനത്തിന് പോകാന്‍ വേണ്ടി അമ്മ അതിരാവിലെ എഴുന്നേറ്റ് ഭക്ഷണം തയ്യാറാക്കി നല്‍കിയിരുന്നതിനെക്കുറിച്ചും, തന്റെ കളിക്ക് വേണ്ടി അച്ഛന്‍ ജോലി ഉപേക്ഷിച്ചതിനെക്കുറിച്ചുമെല്ലാം വൈഭവ് വികാരധീനനായി ഓര്‍ത്തെടുത്തു.

Advertisement

'ഞാനിന്ന് എന്താണോ, അതെല്ലാം എന്റെ മാതാപിതാക്കള്‍ കാരണമാണ്. എന്റെ പരിശീലനത്തിന് പോകാന്‍ വേണ്ടി അമ്മ അതിരാവിലെ എഴുന്നേല്‍ക്കുമായിരുന്നു, എനിക്ക് ഭക്ഷണം ഉണ്ടാക്കി തരുമായിരുന്നു. അവര്‍ക്ക് മൂന്ന് മണിക്കൂര്‍ മാത്രമാണ് ഉറങ്ങാന്‍ കിട്ടിയിരുന്നത്. എന്റെ അച്ഛന്‍ എനിക്ക് വേണ്ടി തന്റെ ജോലി ഉപേക്ഷിച്ചു, ഇപ്പോള്‍ എന്റെ മൂത്ത സഹോദരനാണ് അത് നോക്കുന്നത്. ഞങ്ങള്‍ സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു. പക്ഷേ, എന്റെ അച്ഛന്‍ എന്നെ പിന്തുണച്ചു, എനിക്ക് ഇത് നേടാന്‍ കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചു. ഇന്ന് കാണുന്ന ഈ ഫലവും ഞാന്‍ നേടിയ വിജയവുമെല്ലാം എന്റെ മാതാപിതാക്കള്‍ കാരണമാണ്,' വൈഭവ് പറഞ്ഞു.

ഒരു സാധാരണ കുടുംബത്തില്‍ നിന്ന് വരുന്ന വൈഭവിന്റെ ഈ വാക്കുകള്‍, ഒരു യുവതാരം വളര്‍ന്നു വരുമ്പോള്‍ അവരുടെ കുടുംബം അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ക്ക് ഒരു ഉദാഹരണമാണ്. മകന്റെ സ്വപ്നങ്ങള്‍ക്ക് വേണ്ടി സ്വന്തം സുഖം പോലും വേണ്ടെന്ന് വെച്ച ആ മാതാപിതാക്കളുടെ ത്യാഗത്തിന്റെ ഫലമാണ് ഇന്ന് വൈഭവ് നേടിയ ഈ വലിയ വിജയം.

Advertisement

കഴിഞ്ഞ ദിവസം ഗുജറാത്തിനെതിരെ വൈഭവ് നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. വെറും 35 പന്തുകളില്‍ സെഞ്ചുറി നേടിയ ഈ യുവതാരം, വരും കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു പ്രധാന താരമായി മാറാനുള്ള എല്ലാ സാധ്യതകളും കാണിക്കുന്നു. ഈ നേട്ടത്തിന് പിന്നില്‍ സ്വന്തം കഠിനാധ്വാനത്തോടൊപ്പം മാതാപിതാക്കളുടെ പിന്തുണയും എത്രത്തോളം വലുതാണെന്ന് വൈഭവിന്റെ വാക്കുകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

Advertisement

Advertisement