പോർച്ചുഗലിനൊരു സെക്കൻഡ് ടീമുണ്ടെങ്കിൽ അവർക്കും യൂറോ കപ്പ് നേടാനാകും, പ്രശംസയുമായി ഹൊസെ മൗറീന്യോ
യൂറോ കപ്പിനൊരുങ്ങുന്ന പോർച്ചുഗൽ ടീമിന് ആത്മവിശ്വാസം നൽകുന്ന വെളിപ്പെടുത്തലുമായി ഇതിഹാസ പരിശീലകൻ ഹോസെ മൗറീന്യോ. ഇത്തവണ യൂറോ കപ്പ് നേടാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കുന്ന ടീമുകളിൽ ഒന്നായാണ് അദ്ദേഹം പോർച്ചുഗലിനെ കരുതുന്നത്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം യൂറോ കപ്പിനെക്കുറിച്ച് സംസാരിച്ചത്.
പോർച്ചുഗൽ സ്‌ക്വാഡിന് വളരെയധികം കരുത്തുണ്ടെന്നാണ് ഹോസെ മൊറീന്യോ വിശ്വസിക്കുന്നത്. പോർച്ചുഗലിന് സ്വന്തമായി രണ്ടു ടീമുകൾ ഉണ്ടെങ്കിൽ അതിലെ രണ്ടാമത്തെ ടീമിനും യൂറോ കപ്പ് നേടാൻ കഴിയുമെന്ന് മൗറീന്യോ കഴിഞ്ഞ ദിവസം പറഞ്ഞു. പോർച്ചുഗൽ, ഇംഗ്ലണ്ട്, ഫ്രാൻസ് എന്നീ ടീമുകൾക്കാണ് അദ്ദേഹം ഇത്തവണ യൂറോ നേടാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കുന്നത്.
നിലവിൽ തുർക്കിഷ് ക്ലബായ ഫെനർബാഷെയുടെ പരിശീലകനാണ് ഹോസെ മൗറീന്യോ. കഴിഞ്ഞ സീസണിനിടയിൽ റോമയിൽ നിന്നും പുറത്താക്കപ്പെട്ട അദ്ദേഹം ഏതാനും ദിവസങ്ങൾക്ക് മുൻപാണ് തുർക്കിഷ് ലീഗിലേക്ക് ചേക്കേറിയത്. ഭാവിയിൽ പോർച്ചുഗൽ ദേശീയ ടീമിനെ പരിശീലിപ്പിക്കാനുള്ള അവസരം ലഭിച്ചാൽ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്നും മൗറീന്യോ വ്യക്തമാക്കി.
മൗറീന്യോയുടെ വാക്കുകൾ ഏറെക്കുറെ ശരിയാണ്. കഴിഞ്ഞ ലോകകപ്പിൽ മൊറോക്കോയോട് തോൽവി വഴങ്ങി നേരത്തെ പുറത്തു പോയെങ്കിലും പോർച്ചുഗൽ ടീമിന്റെ കരുത്ത് അവിശ്വസനീയമാണ്. എല്ലാ പൊസിഷനിലും മികച്ച താരങ്ങൾ കളിക്കുന്നതിനൊപ്പം റൊണാൾഡോ, ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ തുടങ്ങിയ താരങ്ങളുടെ സാന്നിധ്യവും അവർക്ക് കിരീടസാധ്യത വർധിപ്പിക്കുന്നു.