കളത്തില്‍ മാത്രമല്ല പുറത്തും ചങ്കുകള്‍, പന്തിന്റെ സഹോദരിയുടെ കല്യാണത്തിന് ധോണിയും റെയ്‌നയും ചെയ്തത്
ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളില്‍ ഒന്നായ എം എസ് ധോണി-സുരേഷ് റെയ്ന സൗഹൃദം കായികലോകത്തിന് പുറത്തും എത്രത്തോളം ആഴത്തിലുള്ളതാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്. ഇരുവരും യുവതാരം റിഷഭ് പന്തിനൊപ്പം ചുവടുവയ്ക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. റിഷഭ് പന്തിന്റെ സഹോദരി സാക്ഷി പന്തിന്റെ വിവാഹവേദിയിലാണ് ധോണിയും റെയ്നയും റിഷഭ് പന്തിനൊപ്പം ആഘോഷിക്കുന്നത്.
സൂഫി ക്ലാസിക് ഗാനമായ 'ദാമ ദാം മസ്ത് കലന്ദര്‍' എന്ന ഗാനത്തിന് ചുവടുവച്ച ഇവര്‍ ക്രിക്കറ്റ് മൈതാനത്തിന് പുറത്തും തങ്ങളുടെ സൗഹൃദം ഊട്ടിയുറപ്പിക്കുകയായിരുന്നു.
വിവാഹവേദിയിലെ താരനിര
ഡെറാഡൂണിലെ ജോളി ഗ്രാന്റ് വിമാനത്താവളത്തില്‍ കുടുംബത്തോടൊപ്പം വിമാനമാര്‍ഗ്ഗമാണ് എം എസ് ധോണി വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. സ്വകാര്യ പരിപാടികളില്‍ ധോണി പങ്കെടുക്കുന്നത് അപൂര്‍വമായി മാത്രമാണ്. ധോണിയുടെ അടുത്ത സുഹൃത്തും സഹതാരവുമായ സുരേഷ് റെയ്നയും ചടങ്ങില്‍ സജീവമായിരുന്നു.
കറുത്ത നിറത്തിലുള്ള കാഷ്വല്‍ ടീഷര്‍ട്ടും ക്രീം പാന്റും ധരിച്ചെത്തിയ ധോണിയുടെ ലാളിത്യമാര്‍ന്ന വേഷം ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചു. ഒപ്പം റെയ്‌ന തന്റെ തനത് ശൈലിയില്‍ നൃത്തം ചെയ്തപ്പോള്‍ ആരാധകര്‍ അത് ഏറ്റെടുത്തു.
ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ വിജയത്തിന് ശേഷം എത്തിയ റിഷഭ് പന്തും ആഘോഷങ്ങളില്‍ നിറഞ്ഞു നിന്നു.
ഐപിഎല്ലിന് മുന്‍പ് ഒത്തുചേരല്‍
ഐപിഎല്‍ തുടങ്ങുന്നതിന് തൊട്ടു മുന്‍പാണ് ഈ ഒത്തുചേരല്‍ എന്നുള്ളത് ശ്രദ്ധേയമാണ്. ഇത്തവണ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ നായക ചുമതലയുള്ള റിഷഭ് പന്ത്, തന്റെ ടീമിനെ കിരീടത്തിലേക്ക് നയിക്കാനാണ് ശ്രമിക്കുന്നത്. എം എസ് ധോണി ആറാമത്തെ ഐപിഎല്‍ ട്രോഫിയാണ് ഇത്തവണ ലക്ഷ്യമിടുന്നത്. ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് റെയ്‌ന.
സഹോദരി സാക്ഷി പന്തും ബിസിനസ്സുകാരനായ അങ്കിത് ചൗധരിയും തമ്മിലുള്ള വിവാഹം ക്രിക്കറ്റ് ലോകത്തിന് പുറത്തുള്ള ധോണി, റെയ്‌ന, പന്ത് സൗഹൃദത്തിന് അരങ്ങൊരുക്കി.