തീയില്‍ കുരുത്തവനാണ് അവന്‍, വെയിലത്ത് വാടില്ല, അവനത് കഴിയും, കാരണം അവനങ്ങളനെയാണ് വന്നത്
സൂരേഷ് വാരിയത്ത്
സ്വയം വരുത്തി വയ്ക്കുന്നതും ജീവിത യാത്രയില്‍ വന്നു ചേരുന്നതുമായ ദുരന്തങ്ങളും ദുരിതങ്ങളും കാരണം സ്വപ്ന സമ്മോഹനമായേക്കാവുന്ന കരിയര്‍ പാതി വഴിയിലുപേക്ഷിക്കേണ്ടി വന്ന പ്രതിഭകള്‍ എത്രയോ പേര്‍ നമുക്കു മുന്നിലുണ്ട്. വിനോദ് കാംബ്ലി ,സദാനന്ദ് വിശ്വനാഥ്, ജെസ്സി റൈഡര്‍, ക്ലോഡിയോ കനീജിയ, സയിദ് മോദി, സിനിമാ താരം ജയന്‍ തുടങ്ങിയ എത്രയോ പേര്‍ ഈ ഗണത്തിലുണ്ട്. എത്രയൊക്കെ തളര്‍ത്തലുകള്‍ നേരിട്ടാലും ചാരത്തില്‍ നിന്നുയര്‍ത്തെഴുന്നേറ്റ് എതിരാളികളുടെ വിക്കറ്റുകള്‍ക്ക് മുകളിലൂടെ , മൈതാനത്തിലെ പുല്‍നാമ്പുകളെ തീപ്പിടിപ്പിച്ച് പറന്നുയര്‍ന്ന ഒരു ഫീനിക്‌സ് പക്ഷിയുണ്ട് ഇന്ത്യന്‍ ക്രിക്കറ്റില്‍ - ഒരേയൊരു മുഹമ്മദ് ഷമി.
യുപിയില്‍ ജനിച്ച ഷമിയുടെ പേസ് ബൗളിങ്ങിലെ കഴിവുകള്‍ പതിനഞ്ചാം വയസില്‍ കണ്ടെത്തിയ കോച്ച് ബദറുദ്ദീന്‍ സിദ്ദിഖി അവനെ കൊല്‍ക്കത്തയിലേക്കയച്ചു. 2013 ല്‍ ഇന്ത്യക്കായി അരങ്ങേറിയ ഷമിയെക്കാത്ത് വ്യക്തി ജീവിതത്തിലും ക്രിക്കറ്റിങ് കരിയറിലും കാത്തിരുന്നത് മുള്‍ക്കിരീടങ്ങളായിരുന്നു. 2018 ല്‍ ഒരു കാറപകടത്തില്‍ പരിക്കേറ്റ ഷമിയെ വളഞ്ഞിട്ടാക്രമിച്ചത് സ്വന്തം ഭാര്യയായ ഹസിന്‍ ജഹാന്‍ തന്നെയായിരുന്നു. ഷമിയുടെയും കുടുംബത്തിന്റെയും പേരില്‍ ഗാര്‍ഹിക പീഢന കേസ് ചുമത്തിയ അവര്‍ ഷമിയുടെ മൂത്ത സഹോദരനെതിരെ ബലാത്സംഗക്കുറ്റവും ആരോപിച്ചു. ഷമിക്കെതിരെ പരസ്ത്രീ ബന്ധം ആരോപിക്കുന്നതിനു പുറമേ ഒത്തുകളിയില്‍ പങ്കുണ്ടെന്നു പോലും അവര്‍ മൊഴി നല്‍കി. ടീമിലെ സ്ഥാനത്തിനു പുറമേ ടീം ഇന്ത്യയുടെ ഗ്രേഡിങില്‍ നിന്നും ഷമി പുറത്തായി.
ഒത്തുകളി കുറ്റാരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയ ബിസിസിഐ ഷമിക്ക് 2019 ലോകകപ്പിലിടം നല്‍കി. അയാള്‍ അത് മുതലെടുത്തത് അഫ്ഗാനെതിരെ ഹാട്രിക്ക് നേടി ടീമിനെ ജയിപ്പിച്ചു കൊണ്ടായിരുന്നു. ഇന്ത്യയില്‍ ടെസ്റ്റ് കളിക്കാനെത്തിയ ദക്ഷിണാഫ്രിക്കയെ തകര്‍ത്തതും ഷമി തന്നെ. 2021 T20 ലോകകപ്പില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചപ്പോള്‍ ഏറ്റവുമധികം വിമര്‍ശനമേല്‍ക്കേണ്ടി വന്നതും ഷമിക്കു തന്നെ. 2023 ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലില്‍ എത്തിക്കാന്‍ ഏറ്റവുമധികം വിയര്‍പ്പൊഴുക്കിയതും ഷമി തന്നെ. ന്യൂസിലാന്റിനെതിരായ സെമി ഫൈനല്‍ മറക്കാന്‍ ആര്‍ക്കു കഴിയും?
പരിക്കുകള്‍ നഷ്ടപ്പെടുത്തിയ ഒരു വര്‍ഷത്തെ ഇടവേളക്കു ശേഷം, ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനവുമായി ഷമി ഓസ്‌ട്രേലിയയിലേക്ക് പറക്കാന്‍ തയ്യാറായിക്കഴിഞ്ഞു. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയെ വിജയിപ്പിക്കാന്‍ ഷമിക്ക് കഴിയട്ടെ.
ഷമി…. താങ്കള്‍ക്കത് കഴിയും…. ഷമി ഹീറോയാടാ, ഹീറോ.