രോഹിത്തിന്റെ തെറ്റ് ഏറ്റുപറച്ചില്‍ വലിയ കാര്യം, തുറന്ന് പറഞ്ഞ് ഷമി
ന്യൂസിലന്‍ഡിനെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ തോറ്റത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുക്കാനുളള ഇന്ത്യന്‍ നായകന്‍ രോഹിത്ത് ശര്‍മ്മയുടെ തീരുമാനമാണ് ടീമിനെ തോല്‍വിയിലേക്ക് നയിച്ചത്.
ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ കേവലം 46 റണ്‍സിന് പുറത്താകുകയായിരുന്നു. ഇതോടെ അവസരം മുതലാക്കിയ ന്യൂസിലന്‍ഡ് 402 റണ്‍സ് അടിയ്ക്കുകയും കൂറ്റന്‍ ലീഡ് സ്വന്തമാക്കുകയും ചെയ്തു. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ പൊരുതിയെങ്കിലും എട്ട് വിക്കറ്റിന് തോല്‍ക്കാനായിരുന്നു വിധി.
അതെസമയം ടോസില്‍ തനിയ്ക്ക് പറ്റിയ പിഴവ് രോഹിത്ത് തുറന്്‌ന് സമ്മതിച്ചിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പിന്തുണച്ച് രംഗത്തെത്തിരിക്കുകയാണ്. ബെംഗളൂരു പിച്ചിനെ തെറ്റായി വിലയിരുത്തിയെന്ന രോഹിത്തിന്റെ പ്രസ്താവനയെ ഷമി സ്വാഗതം ചെയ്തു.
'രോഹിത്തിന്റെ തെറ്റ് ഏറ്റുപറച്ചില്‍ വലിയ കാര്യമാണ്,' ഷമി പറഞ്ഞു. 'എന്നിരുന്നാലും, ഇതില്‍ രോഹിത്തിന്റെ തെറ്റൊന്നും ഞാന്‍ കാണുന്നില്ല, കാരണം അദ്ദേഹവും ഒരു മനുഷ്യനാണ്, ആര്‍ക്കും സംഭവിക്കാവുന്ന തെറ്റാണിത്.' ഷമി പറഞ്ഞു.
നമുക്ക് അവിടെ കുറച്ചുകൂടി റണ്‍സ് നേടാന്‍ കഴിയുമായിരുന്നുവെന്നും ഷമി കൂട്ടിച്ചേര്‍ത്തു.