മുംബൈയിൽ നിന്നും വജ്രായുധത്തെ റാഞ്ചി ആർസിബി; ഇത്തവണ കപ്പടിക്കാൻ ഉറച്ചുതന്നെ..
മുംബൈ രഞ്ജി ടീമിന്റെ പരിശീലകൻ ഓംകാർ സാൽവി ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ (RCB) ബൗളിംഗ് പരിശീലകനാകുമെന്ന് റിപ്പോർട്ട്. ഇന്ത്യൻ എക്സ്പ്രസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മൂന്ന് തവണ ഐപിഎൽ ഫൈനലിൽ എത്തിയിട്ടും കിരീടം നേടാൻ കഴിയാത്ത RCB യ്ക്ക് സാൽവിയുടെ വരവ് നിർണായകമായേക്കും. ആഭ്യന്തര ക്രിക്കറ്റിൽ പരിചയസമ്പന്നനായ സാൽവി മുമ്പ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ (KKR) അസിസ്റ്റന്റ് പരിശീലകനായിരുന്നു.
KKR വിട്ട ശേഷം മുംബൈ ക്രിക്കറ്റ് അസോസിയേഷനുമായി (MCA) കരാറിലായിരുന്നതിനാൽ സാൽവി ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ ഭാഗമായിരുന്നില്ല. മുംബൈയുടെ മുഖ്യ പരിശീലകൻ എന്ന നിലയിൽ 2025 മാർച്ചിൽ അദ്ദേഹത്തിന്റെ കരാർ അവസാനിക്കും. ഈയവസരത്തിലാണ് പുതിയ ചുമതലയുമായി അദ്ദേഹം ബാംഗ്ളൂരിലെത്തുന്നത് .
“വരാനിരിക്കുന്ന സീസണിൽ RCB യുടെ ബൗളിംഗ് പരിശീലകനായി സാൽവിയെ നിയമിച്ചിട്ടുണ്ട്, അദ്ദേഹത്തിന് കോച്ചിങ് വൈദഗ്ധ്യമുണ്ട്, മറ്റ് ഫ്രാഞ്ചൈസികളുമായി പ്രവർത്തിച്ചുള്ള അനുഭവസമ്പത്തുമുണ്ട്” ആർസിബി കേന്ദ്രങ്ങൾ സ്ഥിരീകരിച്ചതായി TOI റിപ്പോർട്ട് ചെയ്യുന്നു..
AdvertisementRCB ഉടൻ തന്നെ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻ ഇന്ത്യൻ പേസർ അവിഷ്‌കർ സാൽവിയുടെ സഹോദരനാണ് ഓംകാർ സാൽവി. അദ്ദേഹത്തിന്റെ കീഴിൽ മുംബൈ ടീം കഴിഞ്ഞ സീസണിൽ രഞ്ജി ട്രോഫി നേടിയിരുന്നു.
സാൽവിയുടെ വരവ് RCB യുടെ ബൗളിംഗ് നിരയെ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷ. ടീമിന്റെ മുൻനിര ബൗളർമാരായ മുഹമ്മദ് സിറാജ് അടക്കമുള്ളവർക്ക് സാൽവിയുടെ മാർഗ്ഗനിർദ്ദേശം ഗുണം ചെയ്യും. യുവ ബൗളർമാരെ വളർത്തിയെടുക്കുന്നതിലും സാൽവിക്ക് മികച്ച റെക്കോർഡുണ്ട്. RCB യുടെ കിരീട സ്വപ്നങ്ങൾക്ക് ജീവൻ പകരാൻ സാൽവിയുടെ വരവ് സഹായിക്കുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നു.