രഹാനെ മുതല്‍ പൃഥ്വി ഷാ വരെ, ഞെട്ടിക്കുന്ന റെക്കോര്‍ഡ് ജയവുമായി മുംബൈ
സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ തകര്‍പ്പന്‍ ജയവുമായി മുംബൈ. ബുധനാഴ്ച അലൂരില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ വിദര്‍ഭയ്ക്കെതിരെ 224 റണ്‍സ് പിന്തുടര്‍ന്നാണ് മുംബൈ അവിശ്വസനീയ ജയം സ്വന്തമാക്കിയത്. ഇതോടെ സയ്യിദ് മുഷ്താഖ് അലി ട്രോഫി നോക്കൗട്ടുകളിലെ ഏറ്റവും ഉയര്‍ന്ന വിജയകരമായ റണ്‍ ചേസ് എന്ന റെക്കോര്‍ഡ് മുംബൈ സ്വന്തമാക്കി.
എലിമിനേഷന്‍ ഗെയിമുകളിലെ മുന്‍ റെക്കോര്‍ഡ് 2022 എഡിഷനില്‍ ബംഗാളിനെതിരെ 200 റണ്‍സ് പിന്തുടര്‍ന്ന ഹിമാചല്‍ പ്രദേശിന്റെ പേരിലായിരുന്നു. ഈ റെക്കോര്‍ഡ് ആണ് മുംബൈ മറികടന്നത്.
ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ മുന്നില്‍ നിന്നും നയിച്ചു. മത്സരത്തില്‍ രഹാനെ 85 റണ്‍സുമായി ടോപ് സ്‌കോറര്‍ ആയതോടെ മുംബൈ മത്സരത്തിന്റെ സെമി ഫൈനല്‍ ഉറപ്പിച്ചു. രഹാനെയെ കൂടാതെ പൃഥ്വി ഷാ - 49(26), ശിവം ദുബെ - 43(23), ഷെഡ്ജ് - 29(11) എന്നിവരും മികച്ച പ്രകടനം സ്വന്തമാക്കി.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ എല്ലാ റൗണ്ടുകളിലെയും ഏറ്റവും ഉയര്‍ന്ന ചേസ് എന്ന റെക്കോര്‍ഡും മുംബൈയുടെ പേരിലാണ്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ആന്ധ്രയ്ക്കെതിരെ മുംബൈ 230 റണ്‍സ് പിന്തുടര്‍ന്നിരുന്നു.
ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീം വെള്ളിയാഴ്ച സെമി ഫൈനലില്‍ ബറോഡയെ നേരിടും.