ഇന്ത്യന്‍ സൂപ്പര്‍ താരം ജമീമയെ പുറത്താക്കി മുംബൈയിലെ സുപ്രസിദ്ധ ക്ലബ്
മുംബൈയിലെ ഏറ്റവും പഴക്കം ചെന്ന ക്ലബ്ബുകളിലൊന്നായ ഖാര്‍ ജിംഖാന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ മുന്‍നിര ബാറ്ററായ ജെമിമ റോഡ്രിഗസിനെ ടീമില്‍ നിന്നും പുറത്താക്കി. ജെമിമയുടെ പിതാവ് ഇവാന്‍ ക്ലബ്ബ് പരിസരം 'മതപരമായ പ്രവര്‍ത്തനങ്ങള്‍ക്ക്' ഉപയോഗിച്ചു എന്ന് ചില അംഗങ്ങള്‍ ആരോപിച്ചതിനെ തുടര്‍ന്നാണ് നടപടി.
ഞായറാഴ്ച നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ജമീമയുടെ അംഗത്വം റദ്ദാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ജെമിമ റോഡ്രിഗസോ അവരുടെ പിതാവോ തയ്യാറായിട്ടില്ല. മതംമാറ്റാന്‍ ശ്രമം നടന്നു തുടങ്ങിയ ആരോപങ്ങളുന്നയിച്ചാണ് ജമീമയ്‌ക്കെ നടപടി പ്രഖ്യാപിച്ചത്.
ജമീമയ്‌ക്കെതിരായ നടപടി ഖാര്‍ ജിംഖാന പ്രസിഡന്റ് വിവേക് ദേവ്നാനി സ്ഥിരീകരിച്ചു. '2024 ഒക്ടോബര്‍ 20 ന് നടന്ന ജനറല്‍ യോഗത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ പാസാക്കിയ പ്രമേയത്തിന് അനുസൃതമായാണ് മിസ് ജെമിമ റോഡ്രിഗസിന് നല്‍കിയ മൂന്ന് വര്‍ഷത്തെ ഓണററി അംഗത്വം റദ്ദാക്കിയത്.''
ഖാര്‍ ജിംഖാന മാനേജിംഗ് കമ്മിറ്റി അംഗം ശിവ് മല്‍ഹോത്ര കാരണങ്ങള്‍ വിശദീകരിച്ചു. ''ജെമിമ റോഡ്രിഗസിന്റെ പിതാവ് 'ബ്രദര്‍ മാനുവല്‍ മിനിസ്ട്രിസ'് എന്ന സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞു. അവര്‍ ഏകദേശം ഒന്നര വര്‍ഷത്തേക്ക് പ്രസിഡന്‍ഷ്യല്‍ ഹാള്‍ ബുക്ക് ചെയ്ത് 35 പരിപാടികള്‍ അവിടെ നടത്തി. അവിടെ എന്താണ് സംഭവിച്ചതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം' അദ്ദേഹം പറഞ്ഞു.
'രാജ്യമെമ്പാടും മതപരിവര്‍ത്തനങ്ങളെക്കുറിച്ച് നമ്മള്‍ കേള്‍ക്കുന്നു, പക്ഷേ അത് നമ്മുടെ മൂക്കിന് താഴെയാണ് സംഭവിക്കുന്നത്. നൃത്തം, വിലകൂടിയ സംഗീത ഉപകരണങ്ങള്‍, വലിയ സ്‌ക്രീനുകള്‍ എന്നിവയുണ്ടായിരുന്നു. ഖാര്‍ ജിംഖാനയുടെ ചട്ടങ്ങളും ഭരണഘടനയുടെ റൂള്‍ 4 എ പ്രകാരവും ഖാര്‍ ജിംഖാന ഒരു മതപരമായ പ്രവര്‍ത്തനവും അനുവദിക്കുന്നില്ല' മല്‍ഹോത്ര കൂട്ടിച്ചേര്‍ത്തു.
'മതപരമായ പ്രവര്‍ത്തനത്തെ'ക്കുറിച്ച് ഒരു സ്റ്റാഫ് അംഗം തന്നെ അറിയിച്ചതായി മുന്‍ ഖാര്‍ ജിംഖാന പ്രസിഡന്റ് നിതിന്‍ ഗഡേക്കര്‍ പറഞ്ഞു.
''ഞാനും മല്‍ഹോത്രയും മറ്റ് ചില അംഗങ്ങളും അത് കാണാന്‍ പോയി. മുറി ഇരുണ്ടതാണെന്നും ട്രാന്‍സ് മ്യൂസിക് പ്ലേ ചെയ്യുന്നുണ്ടെന്നും ഒരു സ്ത്രീ 'അവന്‍ നമ്മെ രക്ഷിക്കാന്‍ വരുന്നു' എന്ന് പറയുന്നതും ഞങ്ങള്‍ കണ്ടു. ആദ്യം തന്നെ ജിംഖാന ഇത് എങ്ങനെ അനുവദിക്കുമെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. ഞങ്ങള്‍ പ്രതിഷേധിച്ചു, അവരുടെ അംഗത്വം റദ്ദാക്കാന്‍ തീരുമാനിച്ചു' ഗഡേക്കര്‍ പറഞ്ഞു നിര്‍ത്തി.