ധാക്ക ബാറ്റര്‍മാരുടെ ശവക്കുഴി, അടിയും തിരിച്ചടിയുമായി ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശും
ധാക്കയില്‍ നടക്കുന്ന ബംഗ്ലാദേശ്-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് ബാറ്റര്‍മാരുടെ ശവക്കുഴി ആയി മാറിയിരിക്കുകയാണ്. ആദ്യ ദിനം തന്നെ 16 വിക്കറ്റുകളാണ് നഷ്ടമായത്. ആജ്യ ഇന്നിംഗ്‌സില്‍ 106 റണ്‍സിന് പുറത്തായ ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ശക്തമായ തിരിച്ചുവരവ് നടത്തി. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് എന്ന നിലയിലാണ്. ഇതോടെ നാല് വിക്കറ്റ് മാത്രം അവശേഷിക്കെ 36 റണ്‍സിന്റെ ലീഡാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഉളളത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിനെ 106 റണ്‍സിന് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ എറിഞ്ഞിടുകയായിരുന്നു. എന്നാല്‍ ബംഗ്ലാദേശ് സ്പിന്നര്‍ തയ്ജുല്‍ ഇസ്ലാമിന്റെ മികച്ച പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ പ്രതിരോധത്തിലാക്കിയത്. 5 വിക്കറ്റുകള്‍ വീഴ്ത്തിയ തയ്ജുല്‍, ദക്ഷിണാഫ്രിക്കന്‍ മധ്യനിരയെ തകര്‍ത്തു.
ബംഗ്ലാദേശിന്റെ തകര്‍ച്ച:
കഗിസോ റബാഡ, വിയാന്‍ മുള്‍ഡര്‍, കേശവ് മഹാരാജ് എന്നിവരുടെ മികച്ച ബൗളിംഗിന് മുന്നില്‍ ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. മുഹമ്മദുല്‍ ഹസന്‍ ജോയ് (30) ആണ് ടോപ് സ്‌കോറര്‍.
ദക്ഷിണാഫ്രിക്കയുടെ പതര്‍ച്ച:
തുടക്കത്തില്‍ തന്നെ എയ്ഡന്‍ മാര്‍ക്രമിനെ (6) നഷ്ടമായ ദക്ഷിണാഫ്രിക്ക, ടോണി ഡി സോര്‍സി (30), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (23) എന്നിവരിലൂടെ തിരിച്ചുവരവിന് ശ്രമിച്ചു. എന്നാല്‍ തയ്ജുല്‍ ഇസ്ലാമിന്റെ മികച്ച ബൗളിംഗ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. ഡേവിഡ് ബെഡിംഗ്ഹാം (11), റയാന്‍ റിക്കല്‍ടണ്‍ (27), മാത്യു ബ്രീറ്റ്‌സ്‌കെ (0) എന്നിവരെ തയ്ജുല്‍ പുറത്താക്കി. കളി നിര്‍ത്തുമ്പോള്‍ കൈല്‍ വെറെയ്ന്‍ (18), വിയാന്‍ മുള്‍ഡര്‍ (17) എന്നിവരാണ് ക്രീസില്‍.
ഇന്ത്യയ്ക്കെതിരായ പരമ്പര തോല്‍വിയോടെയാണ് ബംഗ്ലാദേശ് ഈ മത്സരത്തിനിറങ്ങിയത്. ഈ സാഹചര്യത്തില്‍, മികച്ച പ്രകടനം കാഴ്ച്ചവെക്കേണ്ടത് ബംഗ്ലാദേശിന് അനിവാര്യമാണ്.