ആ വലിയ ഇലയും കൊഴിയുന്നു, വിരമിക്കല്‍ പ്രഖ്യാപിച്ച് നബിയും
അഫ്ഗാനിസ്ഥാന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി ഏകദിന ക്രിക്കറ്റില്‍ നിന്്‌നും വിരമിക്കാനൊരുങ്ങുന്നു. വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷമാകും ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ഒരുങ്ങുന്നത. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് നസീബ് ഖാന്‍ ആണ് പ്രമുഖ കായിക മാധ്യമമായ ക്രിക്കബസിനോട് ഇക്കാര്യം സ്ഥിരീകരിച്ചത്.
'അതെ, ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം നബി ഏകദിനങ്ങളില്‍ നിന്ന് വിരമിക്കുകയാണ്, അദ്ദേഹം തന്റെ ആഗ്രഹം ബോര്‍ഡിനെ അറിയിച്ചു,' നസീബ് ക്രിക്കബസിനോട് പറഞ്ഞു.
'ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം തന്റെ ഏകദിന കരിയര്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു, ഞങ്ങള്‍ അദ്ദേഹത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം അദ്ദേഹം തന്റെ ടി20 കരിയര്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോള്‍ അതാണ് പദ്ധതി' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2009-ല്‍ സ്‌കോട്ട്ലന്‍ഡിനെതിരെ അരങ്ങേറ്റ മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടിക്കൊണ്ടാണ് നബി തന്റെ മികവ് തെളിയിച്ചത്. പിന്നീട് 165 ഏകദിനങ്ങളില്‍ നിന്ന് 27.30 ശരാശരിയില്‍ 3549 റണ്‍സും 171 വിക്കറ്റുകളും അദ്ദേഹം രാജ്യത്തിനായി നേടിയിട്ടുണ്ട്.
ഷാര്‍ജയില്‍ നടന്നുകൊണ്ടിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തില്‍, നബി 82 റണ്‍സ് നേടി തിളങ്ങിയിരുന്നു. അല്ല ഗസന്‍ഫറിന്റെ ആറ് വിക്കറ്റ് നേട്ടത്തിന്റെ പിന്‍ബലത്തില്‍ അഫ്ഗാനിസ്ഥാന്‍ മത്സരം ജയിക്കുകയും ചെയ്തു.
2019-ല്‍ നബി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു.